ന്യൂഡൽഹി : സംഘർഷങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവ നീക്കം ചെയ്യേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ നടക്കുന്ന സംഘർഷങ്ങളെ പരാമർശിച്ചാണ് മോദിയുടെ വാക്കുകൾ.ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന്, തീവ്രവാദം, മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ നമ്മൾ നേരിടുന്നുണ്ട്. അവയെ ചെറുക്കുന്നതിലൂടെ മാത്രമേ നമ്മുടെ വരും തലമുറകളുടെ ഭാവി രൂപപ്പെടുത്താൻ കഴിയൂ . ഇന്ത്യ എപ്പോഴും തത്വങ്ങളിലും വിശ്വാസത്തിലും സുതാര്യതയിലും അധിഷ്ഠിതമായാണ് സംസാരിക്കുന്നത് എന്നും മോദി കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിനും മാനവികതയ്ക്കും ആദ്യ സ്ഥാനങ്ങൾ നൽകുകയാണ് വേണ്ടത്. ജനാധിപത്യത്തിന് പ്രഥമ പരിഗണന നൽകുന്നത് വഴി എല്ലാവരേയും ഒത്തൊരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനും വികസനം നടപ്പിലാക്കാനും കഴിയും. മനുഷ്യത്വത്തിനും അതേ പ്രാധാന്യം നൽകണം. എല്ലാവരേയും ഉൾകൊള്ളുന്ന സമൂഹത്തിന്റെ രൂപികരണത്തിന് അത് ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിപുലീകരണം എന്നത് ഇന്ത്യയുടെ രീതിയല്ല. അത്തരം ആശയവുമായി ഇന്ത്യ ഒരിക്കലും മുന്നോട്ട് പോയിട്ടുമില്ല. അതിൽ ഞങ്ങൾ എല്ലാക്കാലത്തും വിട്ടുനിന്നിട്ടേ ഉള്ളു. അതിപ്പോൾ കരയോ കടലോ ബഹിരാകാശമോ ഏതായാലും സംഘട്ടനമല്ല മറിച്ച് സഹകരണമാണ് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തെ സംബന്ധിച്ചും ഇത് സംഘർഷത്തിനുള്ള സമയമല്ല, മറിച്ച് സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള സമയമാണ്.
21ാം നൂറ്റാണ്ടിലെ ലോകം വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് വിവിധ വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ മോദി പറഞ്ഞു. ഇന്ന് നമ്മുടെ രണ്ട് രാജ്യങ്ങളും ലോകത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ്. അതിനാൽ, ഇന്ന് ഗയാന പാർലമെന്റിൽ, 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു എന്നും മോദി ചൂണ്ടിക്കാട്ടി.
Discussion about this post