എറണാകുളം: ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്ന നടിയാണ് മെറീന മൈക്കിൾ. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ വെള്ളിത്തരയിൽ എത്തിയ നടി ചുരുങ്ങിയ കാലംകൊണ്ട് തന്നെ 30 ഓളം സിനിമകളിൽ വേഷമിട്ടു. രൂപ ഭംഗി കൊണ്ട് മലയാള സിനിമയിലെ നായിക സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ നടികൂടിയാണ് മെറീന. ചുരുണ്ട പരുപരുത്ത മുടിയാണ് നടിയുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ മുടികാരണം തനിക്ക് ഉണ്ടായ ചീത്തപ്പേരുകളെക്കുറിച്ച് തുറന്നു പറയുകയാണ് നടി. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഈ ചുരുണ്ട മുടി കാരണം തനിയ്‌ക്കൊരു എംഡിഎംഎ ലുക്ക് ആണെന്ന് നടി പറഞ്ഞു. ചുരുണ്ട മുടിയുള്ള എല്ലാവരെയും തീവ്രവാദി ആയും, മാവോയിസ്റ്റ് ആയും, വഴക്കാളി ആയുമെല്ലാമാണ് കരുതുന്നത്. ഒറ്റവാക്കിൽ പറയുകയാണ് എങ്കിൽ എനിക്ക് എംഡിഎംഎ ലുക്കാണെന്നും നടി പറഞ്ഞു.
ചെറുപ്പം തൊട്ടേ എനിക്ക് ചുരുണ്ട മുടിയാണ്. പ്ലസ് ടുവരെ മുടി ചീകി വലിച്ച് കെട്ടിയായിരുന്നു സ്‌കൂളിൽ പോയിരുന്നത്. മുടി വലിച്ച് കെട്ടിയ ശേഷം മുടി കാണാതെ ഇരിക്കാൻ ഷാൾ ധരിക്കും. സത്യത്തിൽ മുടി ഭയങ്കര ഇൻസെക്യൂരിറ്റി ആയിരുന്നു. മുടിയുടെ പേരിൽ ഭയങ്കര പരിഹാസം ആയിരുന്നു നേരിടേണ്ടിവന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പലരും ചുരുളിയെന്ന് വിളിച്ച് കളിയാക്കും. ബുള്ളിയിംഗ് ആയിട്ടാണ് എനിക്ക് തോന്നാറെന്നും മെറീന കൂട്ടിച്ചേർത്തു.
മുടി ഒട്ടും ഒതുങ്ങി നിൽക്കാറില്ല. അതുകൊണ്ട് അമ്മ നന്നായി എണ്ണ ഇട്ട് രണ്ട് ഭാഗത്തും പിന്നി ഇട്ടാണ് സ്‌കൂളിലേക്ക് വിടാറുള്ളത്. മുടി അഴിച്ചിടാനെ കഴിയാറില്ല. അപ്പോൾ എല്ലാവരും കളിയാക്കും. ഇതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് തട്ടമിടാൻ തുടങ്ങിയത്. ഇത് ആളുകളിൽ മറ്റൊരു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി. നാട്ടുകാരും വീട്ടുകാരും കുടുംബക്കാരുമെല്ലാം വിചാരിച്ചത് മുസ്ലീം പയ്യനുമായി പ്രണയമുണ്ടെന്ന് ആയിരുന്നുവെന്നും മെറീന വ്യക്തമാക്കി.
Discussion about this post