ബംഗളൂരു: കൃഷി ഭൂമി കയ്യേറാൻ ശ്രമിക്കുന്ന വഖഫ് ബോർഡിന് പിന്തുണ നൽകുന്ന കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിവിധയിടങ്ങളിൽ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. ഏക്കറോളം വരുന്ന കൃഷി ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ആണ് കർഷകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ബംഗളൂരു, കലബുറഗ, ബല്ലാരി, ശിവമോഗ, ഉഡുപ്പി തുടങ്ങിയ ജില്ലകളിൽ ആയിരുന്നു പ്രതിഷേധം. കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. എംഎൽസി സി.ടി രവി, എംപി പി.സി മോഹൻ എന്നിവരും പ്രതിഷേധ പ്രകടനത്തിൽ പങ്കുചേർന്നു. വിവിധ പ്രദേശങ്ങളിലെ കർഷകരും ബിജെപിയുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി കർഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ സർക്കാർ ഈ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി രംഗത്ത് എത്തിയത്. നമ്മ ഭൂമി നമ്മ ഹക്കു ( നമ്മുടെ ഭൂമി നമ്മുടെ അവകാശം) എന്ന മുദ്രാവാക്യങ്ങളോടെ ആയിരുന്നു പ്രതിഷേധം.
കർഷകരുടെ പ്രശ്‌നത്തെ വളരെ ലാഘവത്തോടെയാണ് സിദ്ധരാമയ്യ സർക്കാർ കാണുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു. വഖഫ് ബോർഡിന്റെ പേരിൽ പാവപ്പെട്ട കർഷകരുടെ ഭൂമി തട്ടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയം കൈകാര്യം ചെയ്യുന്ന രീതിയും തെറ്റാണ്. പാവപ്പെട്ട കർഷകർ ചതിക്കപ്പെടരുത്. ഇവരുടെ ഭൂമി ഇവരിൽ നിന്നും പറിച്ച് മാറ്റപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post