ന്യൂഡൽഹി; മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചത് ബിജെപി സുനാമിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. വൻ ഭൂരിപക്ഷത്തോടെയാണ് മഹായുതി മഹാരാഷ്ട്രയിൽ ഭരണത്തിലേറുന്നത്. മഹായുതിയുടെ തേരോട്ടത്തിൽ വെറും 53 സീറ്റിലേക്ക് മഹാവികാസ് സഖ്യം കൂപ്പുകുത്തി. 288 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 228 സീറ്റുകളിലും കാവി തേരോട്ടമായിരുന്നു. ജാർഖണ്ഡിലാകട്ടെ ഇൻഡീ സഖ്യം സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുകകയാണ്.
, 14 സംസ്ഥാനങ്ങളിലെ 46 നിയമസഭാ സീറ്റുകളിലും 2 ലോക്‌സഭാ സീറ്റുകളിലും ഞെട്ടിക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. യുപിയിലെ 9 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിസാമൗ, കർഹാൽ എന്നീ രണ്ട് സീറ്റുകളിൽ മാത്രമാണ് എസ്പി വിജയിച്ചത് . മജ്‌വാൻ, കടേഹാരി, മീരാപൂർ, കുന്ദർക്കി, കർഹൽ, ഖൈർ, ഫുൽപൂർ, ഗാസിയാബാദ് എന്നീ സീറ്റുകളിൽ എൻഡിഎ വിജയക്കൊടി പാറിച്ചു. യുപിയിൽ എസ്പിയുടെ കോട്ടയിലും ബിജെപിയ്ക്ക് അനുകൂലമായിരുന്നു അന്തരീക്ഷം.
രാജസ്ഥാനിലെ 7 സീറ്റുകളിൽ ഖിൻവ്‌സർ, ജുൻജുനു, രാംഗഡ്, ദൗസ, ദിയോലി ഉനിയാര എന്നീ 5 സീറ്റുകളിൽ ബിജെപി വിജയിച്ചു. രാജസ്ഥാനിൽ ഒരു സീറ്റിലും കോൺഗ്രസിന് വിജയിക്കാനായില്ല എന്നത് വൻ തിരിച്ചടിയായി. ബിഹാറിൽ നാല് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് അനുകൂലമായിരുന്നു ഫലം. ഇമാംഗഞ്ച്, രാംഗഡ്, തരാരി, ബെലഗഞ്ച് എന്നീ നാല് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചു.
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ബിജെപി സ്ഥാനാർത്ഥി ആശാ നൗട്ടിയാൽ വിജയിച്ചു. ഛത്തീസ്ഗഡിലെ റായ്പു സൗത്തിൽ ബിജെപി സ്ഥാനാർത്ഥി സുനിൽ കുമാർ സോണി വിജയിച്ചു. പഞ്ചാബിലെ നാല് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എഎപി ഒരു സീറ്റിലും കോൺഗ്രസിന് ഒരിടത്തും വിജയിച്ചു. അതേ സമയം രണ്ട് സീറ്റുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കോൺഗ്രസ് ബർണാലയും ചബ്ബേവാൾ എഎപിയും പിടിച്ചെടുത്തു.
യുപിയിലെ കുന്ദർക്കി നിയമസഭാ സീറ്റിൽ ബിജെപിയുടെ രാംവീർ താക്കൂർ ചരിത്രവിജയമാണ് നേടിയത്. മുസ്ലിം ആധിപത്യമുള്ള, 60 ശതമാനത്തിൽ ഏറെ വോട്ടർമാരും ഇസ്ലാം മതവിശ്വാസികളായ ഈ മണ്ഡലത്തിൽ ബിജെപിയാണ് വിജയിച്ചത്. മണ്ഡലത്തിലെ സ്ഥാനാർത്ഥികളിൽ ഏക ഹിന്ദുവും ബിജെപി സ്ഥാനാർത്ഥി ആയിരുന്നു. മറ്റ് 11 മുസ്ലീം സ്ഥാനാർത്ഥികളെ 1.4 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാർഥി വിജയിച്ചത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ മണ്ഡലത്തിൽ ബിജെപി വിജയിക്കുന്നത്.
Discussion about this post