എറണാകുളം: അഞ്ചാം വയസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു ഹൈക്കോടതി. മോട്ടോർവാഹന ട്രിബ്യൂണൽ വിധിച്ച 44.94 ലക്ഷം രൂപയ്ക്ക് പുറമേ 84.87 ലക്ഷം രൂപകൂടി നഷ്ടപരിഹാരമായി അനുവദിച്ചാണ് ഉത്തരവിട്ടത്. ജസ്റ്റിസ് എസ്. ഈശ്വരൻ ആണ് നഷ്ടപരിഹാരം വിധിച്ചത്.
ഈ തുക നൽകുന്നതുവരെ ഒൻപത് ശതമാനം പലിശ നൽകണമെന്നും കോടതി ഉത്തരവിട്ടത്. നഷ്ടപ്പെട്ട ബാല്യത്തിന് ഒന്നും പകരമാകില്ലെന്ന് വിലയിരുത്തിയാണ് ഇൻഷുറൻസ് തുക ഹൈക്കോടതി വർധിപ്പിച്ചുകൊണ്ട് വിധി പറഞ്ഞത്. മൂവാറ്റുപുഴ കാരിയ്ക്കൽ ജ്യോതിസ് രാജിനാണ് (അമ്പാടി-12) നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 44.94 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ട്രിബ്യൂണൽ അനുവദിച്ച നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നു കാട്ടി കുട്ടിയുടെ അച്ഛൻ രാജേഷും അപ്പീൽ നൽകിയിരുന്നു.
മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിക്ക് 77 ശതമാനം വൈകല്യം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഹൈക്കോടതി 100 ശതമാനവും വൈകല്യമുള്ളതായി കണക്കാക്കിയാണ് ഉയർന്ന തുക അനുവദിച്ചത്. കുട്ടിയെ പരിചരിക്കുന്നതിനുള്ള ചെലവിലേക്ക് രണ്ടുപേർക്കായി 37.80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അപകടംമൂലം അനുഭവിച്ച വേദനയ്ക്കും ദുരിതത്തിനുമായി 15 ലക്ഷം രൂപയും അനുവദിച്ചു. ഭാവിചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയും അനുവദിച്ചു.
Discussion about this post