ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഹീർ പോരയിലെ നിബിഡ വനത്തിനുള്ളിൽ പുരാതന കൊത്തുപണികളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി.കാടിനുള്ളിലെ പാറകളിൽ കാണപ്പെട്ട കൊത്തുപണികൾ ഹിന്ദു ദൈവങ്ങളുടെ ചിഹ്നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും ഈ വിഷയത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പുരാതന കാലത്ത് ഈ സ്ഥലം മതപരമായ ആചാരങ്ങളുടെയും ആരാധനകളുടെയും കേന്ദ്രമായിരുന്നിരിക്കണം എന്ന് കൊത്തുപണികളിലെ ദേവീദേവന്മാരുടെ ചിഹ്നങ്ങൾ സൂചിപ്പിക്കുന്നു. ഏത് ദൈവങ്ങളെയും ദേവതകളെയും ആണ് ചിത്രങ്ങകൾ പ്രതിനിധീകരിക്കുന്നതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തിൻറെ സാംസ്കാരികവും മതപരവുമായ ചരിത്രത്തിൻറെ ഒരു നേർക്കാഴ്ചയാണിതെന്ന് സംഭവത്തിൽ പ്രദേശവാസികൾ പ്രതികരിച്ചു.
വനപാതകൾ പര്യവേക്ഷണം ചെയ്യുന്ന പ്രദേശവാസികളും മലകയറ്റക്കാരുമാണ് ഈ കൊത്തുപണികൾ കണ്ടെത്തിയത്. ദേവതകളുടെ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പുരാതന രചനകളുടെ മങ്ങിയ അടയാളങ്ങൾ എന്നിവയാണ് ഇവിടെ കണ്ടെത്തിയത്. ഹീർ പോരയിലെ മുഗൾ റോഡിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്തേക്ക് കാൽനടയായി മാത്രമേ എത്തിച്ചേരാനാകൂ. ദുഷ്‌കരമായ കാട്ടുപാതയിലൂടെ സഞ്ചരിച്ച് വേണം ഇവിടെ എത്തിച്ചേരാൻ.
ഇത്തരം കണ്ടുപിടുത്തങ്ങൾ പ്രാദേശിക ചരിത്രം മനസ്സിലാക്കാൻ സഹായിക്കുക മാത്രമല്ല, സാംസ്കാരിക പൈതൃക സംരക്ഷണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് തെളിയിക്കുകയും ചെയ്യുന്നുവെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. ഇതു സംബന്ധിച്ച കൂടുതൽ പപഠനം , ഈ പുരാതന കൊത്തുപണികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകർ വ്യക്തമാക്കുന്നു. പ്രദേശത്തെ ചരിത്രകാരന്മാരോടും പുരാവസ്തു ഗവേഷകരോടും ഈ സ്ഥലത്തെ സംബന്ധിച്ച് അന്വേഷിക്കാനും അതിൻറെ പ്രാധാന്യം സ്ഥിരീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കണ്ടെത്തലിന് പ്രദേശത്തിൻറെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഷോപ്പിയാനിൻറെ ചരിത്രപരമായ പ്രാധാന്യം ഇത് ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാമവാസികൾ അഭിമാനിക്കുന്നു . കൊത്തുപണികൾ കേടുപാടുകളിൽ നിന്നും മണ്ണൊലിപ്പിൽ നിന്നും സംരക്ഷിക്കണമെന്നും ഷോപ്പിയാൻ നിവാസികൾ ആവശ്യപ്പെട്ടു.
ഈ കണ്ടെത്തൽ ചരിത്രകാരന്മാരിലും സാംസ്കാരിക വിദഗ്ധരിലും താൽപ്പര്യം ജനിപ്പിച്ചിട്ടുണ്ട് പ്രദേശം സംരക്ഷിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ വേണമെന്ന് അവർ ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ കണ്ടെത്തൽ കശ്മീരിൽ മറഞ്ഞിരിക്കുന്ന സമ്പന്നമായ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു, അത് അന്വേഷിക്കുകയും മനസ്സിലാക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വനമേഖല ഒരു കാലത്ത് തീവ്രവാദികളുടെ ഒളിത്താവളമായിരുന്നു . എന്നാൽ ഇന്ന് ജമ്മു കശ്മീരിലെ ഈ പ്രദേശം വ്യത്യസ്തമായ ഒരു കാരണത്താൽ വാർത്തകളിൽ ഇടം നേടിയത് അഭിമാനമുണ്ടാക്കിയെന്നും പ്രദേശവാസികൾ പ്രതികരിച്ചു.
Discussion about this post