പെർത്ത് : ലബുഷാനെയുടെ പന്ത് ഡീപ് ഫൈൻ ലെഗ് ബൗണ്ടറിയുടെ വര കടന്നപ്പോൾ അയാൾ ബാറ്റ് ആകാശത്തേക്ക് ഉയർത്തി. സെഞ്ച്വറികളില്ലാതെ വരണ്ട ടെസ്റ്റ് ഇന്നിംഗ്സുകൾക്ക് ഒടുവിൽ അവസാനം. വിരാട് കോഹ്‌ലിക്ക് മുപ്പതാം സെഞ്ച്വറി. ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ബാറ്റർ. പിന്നിലായത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോഡ്.
കുറച്ച് കാലമായി സെഞ്ച്വറി വിളയാത്ത ബാറ്റ് ആയിരുന്നു കോഹ്‌ലിയുടേത്. കഴിഞ്ഞ നാലു വർഷത്തിനിടെ രണ്ട് സെഞ്ച്വറികൾ മാത്രമായിരുന്നു കോഹ്‌ലിക്ക് നേടാൻ കഴിഞ്ഞത്. ന്യൂസിലൻഡിനെതിരെയുള്ള നിറം മങ്ങിയ പ്രകടനം പെർത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും ആവർത്തിച്ചു. 5 റൺസ് മാത്രമാണ് കോഹ്‌ലിക്ക് ആദ്യ ഇന്നിംഗ്സിൽ നേടാനായത്. ഇന്ത്യയുടെ റൺ മെഷീൻ വിരമിക്കാറായെന്നും പഴയ പ്രകടനത്തിന്റെ പേരിൽ ടീമിൽ തുടരുന്നത് നീതിയല്ലെന്നും വിമർശനങ്ങൾ ഉയർന്നു. എന്നാൽ വിമർശകർക്കും ആരാധകർക്കും മറുപടിയായി മാറി രണ്ടാം ഇന്നിംഗ്സിലെ സെഞ്ച്വറി.
പാറ്റ് കമ്മിൻസിനെതിരെ സുന്ദരമായ സ്ട്രെയിറ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടി തുടങ്ങിയ കോഹ്‌ലി തൊട്ടു പിന്നാലെ തന്റെ ട്രേഡ് മാർക്ക് കവർ ഡ്രൈവിലൂടെയും ബൗണ്ടറി നേടി. ഇത് കോഹ്ലിയുടെ ദിവസമാണെന്ന പ്രഖ്യാപനമായിരുന്നു അത്. തുടർന്ന് ക്ഷമയും നിശ്ചയ ദാർഢ്യവും ഇഴചേർന്ന ഇന്നിംഗ്സ്. ഒടുവിൽ ലബുഷാനെയുടെ പന്തിനെ ഡീപ് ഫൈൻ ലെഗ്ഗിലേക്ക് പായിച്ച് സെഞ്ച്വറി നേട്ടവും. പവലിയനിൽ ആശ്വാസത്തോടെ ഇന്ത്യൻ താരങ്ങൾ. പെർത്തിലെ ഗ്യാലറികൾ ഇരമ്പിയാർത്തു. ആശംസകൾ നേർന്നു, വെൽഡൺ കോഹ്‌ലി.
ഓസ്ട്രേലിയയിൽ ആറു സെഞ്ച്വറികളെന്ന ഇന്ത്യൻ റെക്കോഡ് തിരുത്തിയാണ് കോഹ്‌ലിയുടെ സെഞ്ച്വറി. തകർന്ന റെക്കോഡ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടേതും. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന വിദേശതാരമെന്ന റെക്കോഡിലേക്കെത്താൻ ഇനി രണ്ട് സെഞ്ച്വറി ദൂരം കൂടി. ഫോം തുടരാനായാൽ ഓസ്ട്രേലിയയിൽ നിന്ന് കോഹ്‌ലി മടങ്ങുക നിരവധി റെക്കോഡുകൾ കൊണ്ടാകും. ക്രിക്കറ്റ് ലോകവും ആരാധകരും കാത്തിരിക്കുന്നതും അതിനു വേണ്ടിത്തന്നെ.
Discussion about this post