മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വമ്പൻ വിജയമാണ് നേടിയത്. 288-ൽ 235 സീറ്റുകൾ നേടിയാണ് മഹായുതി സഖ്യം അധികാരത്തിൽ എത്തിയിരിക്കുന്നത്. 132 സീറ്റുകൾ നേടി ബിജെപി സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായും മാറി. മഹായുതി സർക്കാരിന്റെ മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പ്രചാരണ പ്രവർത്തനങ്ങളും ഈ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
മഹായുതി സഖ്യത്തിന്റെ ഈ ഉജ്ജ്വല വിജയത്തിന് പ്രധാനമായും വലിയ പങ്കുവഹിച്ചത് മഹാരാഷ്ട്രയിലെ സ്ത്രീ വോട്ടർമാരാണ്. 3.06 കോടി സ്ത്രീകൾ ആണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. പുരുഷ വോട്ടർമാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള 12 മണ്ഡലങ്ങളിൽ പോളിംഗ് പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. മുൻ സർക്കാരിന്റെ വിവിധ സ്ത്രീപക്ഷ പദ്ധതികൾ വീണ്ടും അധികാരത്തിലെത്താൻ സഖ്യത്തെ സഹായിച്ചു. അവയിൽ തന്നെ ഏറ്റവും നിർണായകമായി മാറിയത് ‘ലഡ്കി ബെഹൻ യോജന’ പദ്ധതിയാണ്.
സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ ലഡ്‌കി ബെഹൻ യോജന ഏറെ നിർണായകമായി. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായമാണ് മഹായുതി സർക്കാർ നൽകുന്നത്. സംസ്ഥാനത്തെ രണ്ട് കോടിയിലധികം സ്ത്രീകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതിനകം തന്നെ പദ്ധതിയുടെ മൂന്ന് ഗഡുക്കൾ വിതരണം ചെയ്തു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ തുക പ്രതിമാസം 2,100 രൂപയായി ഉയർത്തുമെന്നും മഹായുതി സഖ്യം പ്രഖ്യാപിച്ചിരുന്നു.
ലഡ്‌കി ബെഹൻ യോജന കൂടാതെ വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുമുള്ള മഹിളാ സശക്തികരൺ യോജന ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളും സ്ത്രീകളിൽ വലിയ സ്വാധീനം ചെലുത്തി. പ്രത്യേകിച്ച് ഗ്രാമങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും സ്ത്രീ വോട്ടർമാർക്കിടയിൽ ഈ പദ്ധതികൾ നിർണായകമായി. സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ സഹായവും മഹാലക്ഷ്മി സ്കീമിന് കീഴിൽ സൗജന്യ ബസ് യാത്രയും പോലുള്ള വാഗ്ദാനങ്ങൾ ഇൻഡി സഖ്യവും നൽകിയിരുന്നെങ്കിലും പ്രലോഭനങ്ങൾ അല്ലാ തങ്ങൾക്ക് സുസ്ഥിരമായ പിന്തുണയാണ് വേണ്ടത് എന്നാണ് മഹാരാഷ്ട്രയിലെ സ്ത്രീ വോട്ടർമാർ വ്യക്തമാക്കിയത്.
Discussion about this post