ചെന്നൈ: കോഴിയെ ചൊല്ലിയുള്ള തർക്കത്തിനിടെ 82 കാരൻ അടിയേറ്റ് മരിച്ചു. കുംഭകോണം സ്വദേശിയായ മുരുകയ്യൻ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ വീരമണിയ്ക്കും കുടുംബത്തിനുമെതിരെ പോലീസ് കേസ് എടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വീരമണിയുടെ കോഴി മുരുകയ്യന്റെ വീട്ടിലേക്ക് എത്തിയിരുന്നു. എന്നാൽ ഇത് തന്റെ കോഴിയാണെന്ന് തെറ്റിദ്ധരിച്ച വീരണി കോഴിയെ പിടിച്ച് കൂട്ടിൽ അടച്ചു. ഇതിന് പിന്നാലെയാണ് കോഴിയെ തിരഞ്ഞ് വീരമണി എത്തിയത്. കോഴിയെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അറിയില്ലെന്ന് ആയിരുന്നു മുരുകയ്യന്റെ മറുപടി.
എന്നാൽ വീരമണി അവിടെ നിന്നും പോയില്ല. തുടർന്ന് കോഴിക്കൂട്ടിൽ നോക്കിയപ്പോൾ അവിടെ കോഴിയെ കാണുക ആയിരുന്നു. ഇതോടെ കോഴിയെ വേണമെന്നായി വീരമണി. എന്നാൽ തങ്ങളുടെ കോഴി ആണെന്നും തരില്ലെന്നും മുരുകയ്യനും നിലപാട് എടുത്തു. ഇതോടെ വാക്കുതർക്കം ആരംഭിക്കുകയായിരുന്നു. ഇത് മൂർച്ഛിച്ചതോടെ കയ്യാങ്കളിയിലും കാര്യങ്ങൾ എത്തി. തർക്കത്തിനിടെ വീരമണിയുടെ മകൻ മുരുകയ്യനെ മർദ്ദിക്കുകയായിരുന്നു. അടിയേറ്റ മുരുകയ്യൻ നിലത്ത് വീണു. ബോധംപോയ മുരുകയ്യനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീരമണിയും കുടുംബവും ഒളിവിലാണ്.
Discussion about this post