കണ്ണൂർ ; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. നാൽപത്തിയൊന്നാമത്തെ കേസായാണ് പരിഗണിക്കുക. എഡിഎമ്മിന്റേത് കൊലപാതകം ആണോ എന്ന സംശയമടക്കം കാണിച്ചായിരുന്നു ബഭാര്യ മഞ്ജുഷ ഇന്നലെ ഹർജി സമർപ്പിച്ചത്.
നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല. നീതി ലഭിക്കാൻ കേന്ദ്ര എജൻസികളുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയും ഇല്ല. നവീൻ ബാബുവിന് നീതി ലഭിക്കണമെങ്കിൽ പോലീസ് അന്വേഷണത്തിൽ നിന്ന് മാറി സിബിഐ വരണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
മഞ്ജുഷയുടെ ഹർജിയിലെ വിശദാംശങ്ങൾ
നവീൻ ബാബുവിൻറെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷ നൽകിയ ഹർജിയിൽ നവീൻ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയാതാണോയെന്ന് സംശയിക്കുന്നതായി കുടുംബം ചൂണ്ടികാട്ടിയിട്ടുണ്ട്. എ ഡി എമ്മിൻറെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി പി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനഃപൂർവമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എ ഡി എമ്മിൻറെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്നതിൽ വിശദമായ അന്വേഷണം വേണം. കളക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്‌സിലേയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എ ഡി എമ്മിൻറെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സി സി ടിവി അടക്കമുളള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു. മരണത്തിനുശേഷമുളള ഇൻക്വസ്റ്റ് അടക്കമുളള തുടർനടപടികളിലെ വീഴ്ചയും മനപൂർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിൻറെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിൻറെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post