ആലപ്പുഴ: ആറ്റുനോറ്റിരുന്ന കണ്‍മണിക്കായുള്ള കാത്തിരിപ്പ് കണ്ണീരില്‍ അവസാനിച്ചു. പിറന്നപ്പോള്‍ കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും. എന്നഅവസ്ഥയിലാണ്.
ഇതോടെ കുഞ്ഞിന്റെ അമ്മയായ സുറുമി ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്നാണു ഇവരുടെ പരാതി.
സുറുമി പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ്. മൂന്നാമത് ഗര്‍ഭിണിയായതു മുതല്‍ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം ഗര്‍ഭസ്ഥശിശുവിന്റെ ചലനവും ശാരീരികാവസ്ഥയും അറിയാന്‍ സ്‌കാനിങ് നടത്തി. ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്‌കാനിങ്. ഇവര്‍ എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്തു.
നവംബര്‍ രണ്ടിനു ശസ്ത്രക്രിയ ചെയ്യാമെന്നും അറിയിച്ചു, പിന്നാലെ ആശുപത്രിയില്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
അവിടെ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍ സുറുമിയുടെ ഭര്‍ത്താവിനെ വിളിപ്പിച്ച്, ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങളുണ്ടെന്ന് അറിയിച്ചത്. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്.
Discussion about this post