ലഖ്‌നൗ : ഉത്തർപ്രദേശിലെ സംഭലിലെ സംഘർഷ സാഹചര്യം വിലയിരുത്താനെത്തിയ മുസ്ലിം ലീഗ് എംപിമാരെ തടഞ്ഞു. കേരളത്തിൽ നിന്ന് അടക്കമുള്ള മുസ്ലിം ലീഗ് എംപിമാരെ ഉത്തർപ്രദേശ് പോലീസ് ആണ് തടഞ്ഞത്. ഷാഹി ജമാ മസ്ജിദിലെ സർവ്വേ തടയാൻ എത്തിയ മുസ്ലിം വിഭാഗവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്നാണ് സംഭൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്.
മുസ്ലിം ലീഗ് എംപിമാരുടെ സംഘം ഗാസിയാബാദിൽ എത്തിയപ്പോഴാണ് യുപി പോലീസ് തടഞ്ഞത്. രണ്ടു വാഹനങ്ങളിലായി 5 എംപിമാരായിരുന്നു ഉണ്ടായിരുന്നത്. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, പിവി അബ്ദുൽ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എംപിമാർ ആണ് സംഭൽ സന്ദർശിക്കാൻ പോയിരുന്നത്. എന്നാൽ ഗാസിയാബാദിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ള വൻ പോലീസ് സന്നാഹം ഇവരെ തടയുകയായിരുന്നു.
പോലീസ് അനുമതി നൽകാതിരുന്നതിനെ തുടർന്ന് എംപിമാരുടെ സംഘം തിരികെ മടങ്ങി. നിയന്ത്രണം കുറഞ്ഞ ശേഷം വീണ്ടും വരുമെന്ന് ലീഗ് എംപിമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംഭലിലേക്ക് പോകാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി മാദ്ധ്യമങ്ങളെ അറിയിച്ചു.
Discussion about this post