തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫീക്ക്, കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടിൽ അസ്ഫീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഉടമസ്ഥലയിലുള്ള സെയിൻ എന്ന ഹോട്ടലിൽ നിന്നും കഴിച്ച കുഴിമന്തിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
പെരിഞ്ഞനം സ്വദേശിനി ഉസൈബയാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 25 നായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. ഇവിടെ നിന്നും കുഴിമന്തി കഴിച്ചതിന് പിന്നാലെ ഉസൈബയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഉസൈബയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഉസൈബയ്ക്ക് പുറമേ അന്നേ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച 250 ഓളം പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.
സംഭവം അറിഞ്ഞ് പോലീസും ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായതോടെ ആരോഗ്യവകുപ്പ് ഹോട്ടൽ പൂട്ടിയ്ക്കുകയായിരുന്നു. പോലീസും കേസ് എടുത്തു. ഇതിന് പിന്നാലെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. തുടർന്ന് ഇരുവരോടും കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഈ നിർദ്ദേശ പ്രകാരം കീഴടങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Discussion about this post