ന്യൂഡൽഹി : ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് നോട്ടീസയച്ച് സുപ്രീംകോടതി. രണ്ട് കേസുകളുടെ വിചാരണ ജമ്മുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മാറ്റണമെന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ അപേക്ഷയെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യാസിൻ മാലിക്കും മറ്റു പ്രതികളും ഈ വിഷയത്തിലെ പ്രതികരണം ഉടൻതന്നെ കോടതിയിൽ അറിയിക്കണം എന്നാണ് നോട്ടീസ്.
മുഫ്തി മുഹമ്മദ് സയീദിൻ്റെ മകൾ റുബയ്യയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാൻ യാസിൻ മാലിക്കിനെ നേരിട്ട് ഹാജരാക്കാൻ 2022 സെപ്തംബർ 20ലെ ജമ്മു വിചാരണ കോടതിയുടെ ഉത്തരവിനെതിരായാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിലവിൽ തീവ്രവാദ ഫണ്ടിംഗ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് യാസിൻ മാലിക്.
തിഹാർ ജയിലിൽ വീഡിയോ കോൺഫറൻസിങ് സൗകര്യമുള്ള കോടതിയുള്ളതിനാൽ തട്ടിക്കൊണ്ടുപോകൽ കേസിൽ വിചാരണയ്ക്കായി മാലിക്കിനെ ജമ്മു കോടതിയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കി. യാസിൻ മാലിക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും തിഹാർ ജയിലിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
Discussion about this post