പ്രശസ്ത സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോളയുടെ പുതിയ ക്രിസ്മസ് പരസ്യ വീഡിയോകള്‍ക്ക് താഴെ വിമര്‍ശന പെരുമഴ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ നിര്‍മിച്ച പരസ്യ വീഡിയോകളാണ് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ പരസ്യം എന്ന് അവകാശപ്പെട്ട് ആണ് കമ്പനി പുതിയ പരസ്യം ഇറക്കിയത്. എന്നാല്‍ , പ്രശംസക്ക് പകരം പരിഹാസമാണ് ഇവ ഏറ്റുവാങ്ങിയത്.
ഇത്രയധികം പണം ഉണ്ടായിട്ടും, ജീവനക്കാര്‍ക്കെല്ലാം കോടികള്‍ ശമ്പളം കൊടുത്തിട്ടും കുറച്ച് പണം മുടക്കി മര്യാദയ്ക്കൊരു പരസ്യം നിര്‍മിച്ചുകൂടായിരുന്നോ എന്നെല്ലാമുള്ള വിമര്‍ശനങ്ങളാണ് പരസ്യത്തിന് നേരെ അമേരിക്കയില്‍ നിന്ന് ഉയരുന്നത്. യൂട്യൂബില്‍ പരസ്യ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കൊക്ക കോളയ്ക്കെതിരെ അമേരിക്കയില്‍ വിമര്‍ശനപ്പെരുമഴയാണ്.
മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്രിസ്മസ് പരസ്യങ്ങള്‍ ആണ് കമ്പനി അമേരിക്കയില്‍ അവതരിപ്പിച്ചത്. വികലമായ ദൃശ്യങ്ങള്‍, മുഖഭാവങ്ങളിലെ കൃത്രിമത്വം, അസ്വാഭാവികമായ ചലനങ്ങള്‍, എന്നിങ്ങനെ എഐ സൃഷ്ടിച്ച പരസ്യത്തിലെ പല തരത്തിലുള്ള പിഴവുകള്‍ കമന്റുകളില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സീക്രട്ട് ലെവല്‍, സില്‍വര്‍സൈഡ് എഐ, വൈല്‍ഡ് കാര്‍ഡ് എന്നിങ്ങനെ മൂന്ന് എഐ സ്റ്റുഡിയോകളാണ് ഈ പുതിയ എഐ നിര്‍മ്മിത പരസ്യങ്ങള്‍ സൃഷ്ടിച്ചത്.
അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊക്ക കോള രംഗത്തെത്തിയിരുന്നു. ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും വ്യത്യസ്ത സമീപനങ്ങള്‍ പരീക്ഷിക്കുന്നതിനുമുള്ള പുതിയ വഴികള്‍ തങ്ങള്‍ എപ്പോഴും ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
Discussion about this post