മികച്ച ലോക ഫുട്‌ബോളർക്കുള്ള ഫിഫ ബെസ്റ്റ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസി ഇടംപിടിച്ചത് വിവാദത്തിൽ. ഓഗസ്റ്റ് 21, 2023 മുതൽ ഓഗസ്റ്റ് 10, 2024 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വ്യക്തിഗത മികവ് പ്രകടമാക്കിയ താരങ്ങളാണ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത്. മെസിയെ കൂടാതെ 10 താരങ്ങൾ കൂടി പട്ടികയിൽ ഉണ്ട്. ഡാനി കർവഹാൽ, എർലിംഗ് ഹാലണ്ട്, ഫെഡെ വാൽവർദെ, ഫ്‌ലോറിയൻ വിറ്റ്‌സ്, ജൂഡ് ബെല്ലിംഗ്ഹാം, കിലിയൻ എംബാപ്പെ, ലമീൻ യമാൽ, റോഡ്രി, ടോണി ക്രൂസ്, വിനീഷ്യസ് ജൂനിയർ എന്നിവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങൾ.
11 അംഗ ഫിഫ ബെസ്റ്റ് നോമിനേഷൻ ലിസ്റ്റിൽ ലയണൽ മെസി മാത്രമാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ ലീഗുകളായി കണക്കാക്കുന്ന യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളുടെ പുറത്ത് നിന്ന് സ്ഥാനം പിടിച്ച ഏക താരം. അമേരിക്കൻ സോക്കർ ലീഗിൽ ഇന്റർ മയാമിയുടെ താരമായ മെസി നോമിനേഷൻ ലിസ്റ്റിൽ ഇടം നേടാൻ അർഹനല്ലെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. യുറോപ്പിലെ വമ്പൻ ലീഗുകളിൽ മികച്ച കളി കാഴ്ചവെക്കുന്ന താരങ്ങളെ ഒഴിവാക്കി മെസിയെ ഉൾപ്പെടുത്തിയത് ശരിയല്ലെന്ന വിമർശനമാണ് പല ഫുട്‌ബോൾ പ്രേമികളും ഉന്നയിക്കുന്നത്.
മെസി ഇതിഹാസ താരമാണെങ്കിലും കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം ഫിഫ ബെസ്റ്റ് അവാർഡിന്റെ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിക്കാൻ അർഹമല്ലെന്നാണ് ഒരു വിഭാഗം ഫുട്‌ബോൾ ആരാധകർ പറയുന്നത്. അമേരിക്കൻ സോക്കർ ലീഗിലെ പ്രകടനം യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്നും ഇവർ വാദിക്കുന്നു.
മെസിയുടെ നേതൃത്വത്തിൽ ഈ വർഷം ജൂലൈയിൽ അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു. എന്നാൽ, ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് 5 ഗോളുകൾ അടിച്ച ലൗറ്റാരോ മാർട്ടീനസായിരുന്നു. കോപ്പ അമേരിക്കയിൽ ഒരു ഗോളും ഒരു അസിസ്റ്റും മാത്രമായിരുന്നു ലയണൽ മെസിയുടെ സംഭാവന.
ഇന്റർ മയാമിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച 37 കാരനായ ലയണൽ മെസി, എംഎൽഎസിൽ 21 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഇന്റർ മയാമി, ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് നേടിയപ്പോൽ നിർണായക സംഭാവനയാണ് മെസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഫിഫ ബെസ്റ്റ് മെൻസ് പ്ലെയർ അവാർഡ് മൂന്ന് വട്ടം നേടിയ മെസി തന്നെയാണ് കഴിഞ്ഞ വർഷത്തെ ജേതാവും. അർജന്റീന നായകൻ നോമിനേഷൻ ലിസ്റ്റിൽ ഉണ്ടെങ്കിലും ഇത്തവണ ഫിഫ ബെസ്റ്റ് പുരസ്‌കാരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്കും റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിംഗർ വിനീഷ്യസിനുമാണ്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗും ക്ലബ് വേൾഡ് കപ്പും നേടിയ റോഡ്രി, സ്പാനിഷ് ദേശീയ ടീമിന്റെ യൂറോ കപ്പ് വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്നു.
റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയും യുവേഫ ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ സ്വന്തമാക്കിയ വിനീഷ്യസ് ക്ലബ് ഫുട്‌ബോളിൽ കഴിഞ്ഞ സീസണിൽ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ലോക ഫുട്‌ബോളർക്ക് ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ സമ്മാനിക്കുന്ന ബലൺ ഡി ഓർ പുരസ്‌കാരം ഇത്തവണ നേടിയത് റോഡ്രിയായിരുന്നു. വിനീഷ്യസായിരുന്നു രണ്ടാമത്.
Discussion about this post