പാരിസ്: ഇലക്ട്രിക് കാറുകളുടെ സബ്‌സിഡി വെട്ടിക്കുറച്ച് ഫ്രാൻസ്. ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സബ്‌സിഡി ഇനത്തിൽ മൂവായിരം യൂറോ ആണ് ഫ്രഞ്ച് സർക്കാർ വെട്ടിക്കുറച്ചത്.
നേരത്തെ വരുമാനത്തിന് അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ 4,000 മുതൽ 7,000 യൂറോവരെ സബ്‌സിഡിയായി ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. എന്നാൽ വെട്ടിക്കുറച്ചോടെ ഇത് 2,000 യൂറോ മുതൽ 4,000 യൂറോ വരെ ആയി. പൊതുചിലവ് കുറയ്ക്കുന്നതിനും സാമ്പത്തിക വിടവ് നികത്തുന്നതിനും വേണ്ടിയാണ് പുതിയ നടപടിയെന്നാണ് സബ്‌സിഡി കുറച്ചതിൽ അധികൃതർ നൽകിയിരിക്കുന്ന വിശദീകരണം.
നിലവിൽ ഫ്രാൻസിൽ ഇലക്ട്രോണിക് വാഹനങ്ങൾക്ക് പ്രതീക്ഷിക്കുന്നതിലും കുറവ് ആവശ്യകതയാണ് നേരിടുന്നത്. ഇതിൽ വാഹന കമ്പനികൾക്ക് വലിയ പ്രതിസന്ധിയും നേരിടുന്നുണ്ട്. ഇതിനിടെ സബ്‌സിഡി കുറച്ചത് വാഹന കമ്പനികളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. കാരണം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം ആണ് സബ്‌സിഡി. ഇത് കുറയുന്നതോടെ വാഹന വിൽപ്പനയും മന്ദഗതിയിൽ ആകും.
സബ്‌സിഡി കുറച്ചെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതിനായി ബജറ്റിൽ നിശ്ചിത തുക മാറ്റിവയ്ക്കും.
Discussion about this post