എറണാകുളം : കൊച്ചി നഗരത്തിലെ സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 446 എഐ ക്യാമറകൾ കൂടി സ്ഥാപിച്ചു. ഇൻ്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം (ഐടിഎംഎസ്), ഇൻ്റഗ്രേറ്റഡ് സിറ്റി സർവൈലൻസ് സിസ്റ്റം (ഐസിഎസ്എസ്) എന്നീ രണ്ട് പദ്ധതികൾക്ക് കീഴിലായാണ് 446 പുതിയ എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 40 കോടി രൂപ ചിലവിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
പുതുതായി സ്ഥാപിച്ച 446 എഐ ക്യാമറകളിൽ 80 എണ്ണം കൊച്ചിയിലെ ട്രാഫിക് ജങ്ഷനുകളിൽ ഇൻ്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം പദ്ധതിക്കായാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തെ കമാൻഡ് സെൻ്ററുമായാണ് ഈ ക്യാമറകൾ ബന്ധിപ്പിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ചു ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കാനും പോലീസിന് സാധിക്കും.
ഗതാഗത നിയമലംഘനങ്ങൾക്കപ്പുറം കുറ്റകൃത്യങ്ങൾ തടയുന്നതിനും പുതിയ എഐ ക്യാമറകൾ സഹായകരമാകും എന്നാണ് പോലീസ് കരുതുന്നത്. കൂടാതെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 50 എമർജൻസി കോളിങ് ബൂത്തുകളും സിഎസ്എംഎൽ സ്ഥാപിച്ചു. പോലീസ് കൺട്രോൾ റൂമുമായാണ് കോളിങ് ബൂത്തുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. കോളിങ് ബൂത്തിൽ എത്തി പോലീസുമായി ബന്ധപ്പെട്ടാൽ ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തേക്ക് എത്തുന്ന രീതിയിലാണ് പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്.
Discussion about this post