ധാക്ക: ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ തുടരുന്നതിനിടെ ബംഗ്ലാദേശിൽ രണ്ട് സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ചിന്മയ് ദാസിന്റെ അനുയായികളായ രുദ്രപ്രോതി കേശവ് ദാസ്, രംഗ നാഥ് ശ്യാമ സുന്ദർ ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റിലും പ്രതിഷേധം തുടരുകയാണ്.
ചത്തോഗ്രം മെട്രോപോളിറ്റൻ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ചിന്മയ് ദാസിനുള്ള ഭക്ഷണവും മരുന്നുകളുമായി ജയിലിൽ എത്തിയതായിരുന്നു ഇരുവരും. ഈ സമയം ഇരുവരെയും പോലീസുകാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. സംശയത്തിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
ചിന്മയ് ദാസിന്റെ അറസ്റ്റിൽ ബംഗ്ലാദേശിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് സംബന്ധിച്ച് ശബ്ദസന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പ്രബോർത്തക് സംഘത്തിന്റെ പ്രിൻസിപ്പാൾ സ്വതന്ത്ര ഗുരുഗംഗ ദാസ് പറഞ്ഞു. ജയിലിൽ കഴിയുന്ന ചിന്മയ ദാസിന് ഭക്ഷണവും മരുന്നുകളും വെള്ളവും നൽകാൻ പോയവരായിരുന്നു അവർ. എന്നാൽ കോട്ട്‌വാലി പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇരുവരെയും ജയിലിൽ അടച്ചെന്ന് വ്യക്തമാക്കുന്ന മറ്റൊരു സന്ദേശം കൂടി ഇതിന് പിന്നാലെ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ താഴെവീണതിന് പിന്നാലെയാണ് ഹിന്ദുക്കൾക്ക് നേരെ വ്യാപക ആക്രമണം ആരംഭിച്ചത്. ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദുവുമായി ബന്ധപ്പെട്ടുള്ള മറ്റ് കേന്ദ്രങ്ങളും അക്രമികൾ തകർത്ത് എറിയുകയാണ്. ഇതിനോടകം തന്നെ 200 ഓളം ക്ഷേത്രങ്ങൾ അക്രമികൾ തകർത്ത് എറിഞ്ഞിട്ടുണ്ട്.
Discussion about this post