അത്ഭുതങ്ങൾ സംഭവിക്കുമ്പോൾ കണ്ണുനീര് വരുമോ…? ചോദ്യം ലീലാവതിയോടാണെങ്കിൽ അവർ പറയും അതെയെന്ന്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ഖോഡെ സ്വദേശിനിയായ ലീലാവതിയ്ക്ക് ഇത് പ്രാർത്ഥനയും സ്വപ്‌നവുമെല്ലാം യാഥാർത്ഥ്യമായതിന്റെ സന്തോഷമാണ്. ശരിക്കും അത്ഭുതം സംഭവിച്ചതിന്റെ നിറവ്. ചിറക് മുളയ്ക്കും മുൻപ് നഷ്ടപ്പെട്ട് പോയ മകനെ തിരിച്ചുകിട്ടിയ ആശ്വാസം. നീണ്ട 31 വർഷത്തെ തപസ്യയ്‌ക്കൊടുവിലാണ് ഈ അമ്മയ്ക്ക് മകനെ തിരിച്ചുകിട്ടിയത്.
അമ്മ പ്രാർത്ഥനകളും പ്രതീക്ഷകളുമായി കഴിഞ്ഞുകൂടുമ്പോൾ മകൻ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ഒപ്പം തന്റെ കൗമാരവും യൗവനവും തള്ളിനീക്കുകയായിരുന്നു. 1933 ലാണ് സംഭവം. നോയിഡയിൽ നിന്നാണ് ഭീം സിങ്ങെന്ന 9 വയസുകാരനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയത്. സഹോദരങ്ങളായ രാജാ,സന്തോഷ് എന്നിവരോടൊപ്പം സ്‌കൂളിൽ നിന്ന് മടങ്ങി വരും വഴിയാണ് ഭീമിനെ ഒരുസംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയെ മോചിപ്പിക്കാനായി എട്ട് ലക്ഷം മോചനദ്രവ്യം ചോദിച്ച് ഭീഷണിക്കത്തുമെത്തിയിരുന്നു. അന്ന് കണ്ണീരും കയ്യുമായി കുടുംബവും പോലീസും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഓരോ കുട്ടിയെ സംശയാസ്പദമായി കണ്ടെത്തുമ്പോഴും പോലീസുകാർ ലീലാവതിയെ സ്‌റ്റേഷനിലേക്ക് വിളിക്കും. മകന്റെ ശരീരത്തിലെ പാടുകളോർത്ത് വച്ച് അവർ പരിശോധിക്കും. ഇതെന്റെ മകനല്ലെന്ന് നിരാശയിൽ മടക്കം. കാലം കടന്നുപോയി കൃത്യമായി പറഞ്ഞാൽ 3 പതിറ്റാണ്ട്.
കഴിഞ്ഞ ദിവസം ലീലാവതിയുടെ മകൾ പ്രാദേശിക ദിനപത്രത്തിൽ ഒരു വാർത്ത കണ്ടു. 40 കാരനായ യുവാവിന്റെ കുടുംബത്തെ അന്വേഷിച്ചുള്ള പോലീസിന്റെ വാർത്തയായിരുന്നു അത്. ചിത്രത്തിലെ യുവാവിന് തന്റെ കാണാതായി പോയ സഹോദരന്റെ മുഖച്ഛായ കണ്ടതോടെ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. അങ്ങനെ ഇത്തവണയും ഗോഡ പോലീസ് സ്‌റ്റേഷനിലേക്ക് ലീലാവതിയെത്തി. അനേകം തവണ വന്ന് നിരാശയോടെ മടങ്ങിയതിന്റെ സങ്കടം നിഴലിച്ച മുഖം. അമ്മേ… പക്ഷേ ലീലാവതി പോലീസ് സ്‌റ്റേഷനിലേക്ക് കാലെടുത്ത് വച്ചപ്പോഴേക്കും വിളിയെത്തി. ഇതാണ് എന്റെ അമ്മ ഇത് തന്നെ… ജയ്‌സാൽമീറിൽ നിന്ന് കണ്ടെത്തിയ യുവാവ് ഉറക്കെ അലറി. പൊന്നുമോനെ എന്ന് വിളിച്ച് ചേർത്ത് പിടിക്കാൻ ലീലാവതിയുടെ മനം തുടിച്ചെങ്കിലും അവർ സംയമനം പാലിച്ചു. ശരീരത്തിലെ പാടുകളുടെ വിശദാംശങ്ങൾ അവർ ഓരോന്നായി പരിശോധിച്ചു. അതെ ഇത് എന്റെ മകൻ തന്നെ. ഇത്തവണ ദൈവം എന്നെ നിരാശയാക്കിയില്ല.
കഴിഞ്ഞ ഇത്രയും വർഷമായി ജയ്‌സാൽമീറിലെ ഒരു ഫാമിൽ അടിമജീവിതം നയിക്കുകയായിരുന്നു ഭീം. തന്നെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ ഒരു ട്രൈക്ക് ഡ്രൈവറെ തന്നെ ഏൽപ്പിക്കുകയും ഇയാൾ ഫാമുടമയ്ക്ക് നൽകുകയുമായിരുന്നു. ആടുജീവിതത്തിലെ നജീബിനെ പോലെ പകലും രാത്രിയും ആടുകളോടൊപ്പമുള്ള ജീവിതമായിരുന്നു ഭീമിന്റേത്. പുറംലോകവുമായി ബന്ധമില്ലാതെ റൊട്ടിയും ചായയും മാത്രം കഴിച്ചുള്ള ജീവിതം. യജമാനന്റെ മകൾ നൽകിയ ഹനുമാൻ ചാലിസ മാക്രമായിരുന്നു മാർഗദർശിനിയെന്ന് ഭീം പറയുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസുകാരനാണ് അദ്ദേഹത്തെ രക്ഷിച്ചതും കഥ കേട്ട് പോലീസിനെ സമീപിക്കാനുള്ള നിർദ്ദേശം നൽകിയതും. കുട്ടിക്കാലത്തെ ചെറിയ ഓർമ്മ വച്ച് പിതാവിന്റെ പേര് തുലറാം ആണെന്നും അദ്ദേഹത്തിന്റെ ഏകമകനാണ് താനെന്നും തനിക്ക് സഹോദരിമാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങൾ ചേർത്ത് വച്ചാണ് പോലീസ് വാർത്ത നൽകിയതും അത് സഹോദരി കണ്ടതും.
Discussion about this post