എറണാകുളം: ഹോട്ടലുകളിലെ സാമ്പാറിൽ നിന്നും അവിയലിൽ നിന്നും ഇനി മുരിങ്ങക്ക അപ്രത്യക്ഷമാകും. വിലക്കയറ്റത്തെ തുടർന്നാണ് താത്കാലികമായി ഹോട്ടലുകൾ മുരിങ്ങക്കയെ മാറ്റി നിർത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുരിങ്ങക്കയുടെ വില കുതിച്ച് ഉയരുകയാണ്.
കിലോയ്ക്ക് 300 രൂപയാണ് നിലവിൽ ഈ പച്ചക്കറിയ്ക്ക് ഉള്ളത്. മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറികളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടായിരുന്നു. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായാണ് മുരിങ്ങക്കയുടെ വില ഇത്തരത്തിൽ വർദ്ധിക്കുന്നത്. മുൻപെങ്ങും ഇത്തരത്തിൽ വില വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു. ഉയർന്ന വിലയെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് മാത്രമല്ല, വീട്ടിലെ ഭക്ഷണങ്ങളിൽ നിന്നും മുരിങ്ങക്കയെ വീട്ടമ്മമാർ മാറ്റി നിർത്തിയിട്ടുണ്ട്.
മണ്ഡലകാലം ആരംഭിച്ചപ്പോൾ മുരിങ്ങക്ക കിലോയ്ക്ക് 100 മുതൽ 150 രൂപവരെ ആയിരുന്നു വിലയുണ്ടായിരുന്നത്. എന്നാൽ പെട്ടെന്ന് ആയിരുന്നു ഇതിന്റെ വില ഇരട്ടിയായത്. മാർക്കറ്റുകളിൽ മുരിങ്ങക്ക കിട്ടാനില്ലാത്തതാണ് വിലക്കയറ്റത്തിലേക്ക് നയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് നമ്മുടെ വിപണിയിലേക്ക് മുരിങ്ങക്ക എത്തുന്നത്. എന്നാൽ അടുത്തിടെയായി ഇതിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഇതിന് പകരമായി ഉത്തരേന്ത്യയിൽ നിന്നുള്ള വിലകൂടിയ ഇനം മുരിങ്ങക്കയാണ് നമ്മുടെ വിപണിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ബറോഡ എന്നാണ് ഈ മുരിങ്ങക്കയുടെ പേര്. ഇതിന് അര മീറ്ററോളം നീളം ഉണ്ടായിരിക്കും. മാത്രമല്ല സാധാരണ മുരിങ്ങക്കയെ അപേക്ഷിച്ച് ഇതിന് പച്ചനിറം കൂടുതൽ ആയിരിക്കും. നിലവിൽ സദ്യകൾക്കും മറ്റും ഈ മുരിങ്ങക്കയാണ് ഉപയോഗിക്കുന്നത്.
Discussion about this post