നാണം മറയ്ക്കാനായി മരത്തോലുകളും മൃഗത്തോലുകളും ഉപയോഗിച്ചിരുന്ന മനുഷ്യർ പിന്നീട് കോട്ടൻ,സിൽക്ക് അങ്ങനെയുള്ള പലവിധതരം വസ്ത്രങ്ങളിലേക്ക് ചുവടുമാറി. എന്തിനേറെ പറയുന്നു ലോഹങ്ങൾ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും വരെ നിർമ്മിച്ച വസ്ത്രങ്ങൾ ഇന്ന് ലഭ്യമാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മൃഗത്തോലുകൊണ്ട് നാണം മറച്ചിരുന്നത് മനുഷ്യന്റെ നിസ്സഹായവസ്ഥ കൊണ്ടാണെങ്കിൽ ഇന്ന് ജീവികളുടെ തോലും രോമങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുന്നത് ആഡംബരത്തിന്റെ ഭാഗമായിട്ടാണ്.
പുലി,പാമ്പുകൾ,ഹിമപ്പുലി,ചീറ്റ എന്നിങ്ങനെ മൃഗങ്ങളുടെ തോലുകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ഉന്നതസ്ഥാനീയരായി ആളുകൾ ആണ് കഴിഞ്ഞ നൂറ്റാണ്ട് വരെ ധരിച്ചിരുന്നതെങ്കിലും ഇന്നതെ ഫാഷന്റെ ഭാഗമാണ്. മനുഷ്യന്റെ ഈ ഇഷ്ടം, ലണ്ടൻ ഫാഷൻ വീക്കും കാലങ്ങളായി പിന്തുടർന്ന് പോന്നിരുന്നു. ഫാഷൻവീക്കിൽ വ്യത്യസ്തങ്ങളായ ജീവികളെ കൊന്ന് തോലെടുക്കുന്നത് ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ ഉപയോഗിച്ച് വന്നു.
എന്നാൽ ഇപ്പോഴിതാ ചരിത്രപരമായ തീരുമാനം എടുത്തിരിക്കുകയാണ് ലണ്ടൻ ഫാഷൻ വീക്ക്. വീക്ക് 2025ൽ മുതലകൾ, അലിഗേറ്ററുകൾ, പാമ്പുകൾ തുടങ്ങിയവയെ ഉപയോഗിച്ചുള്ള ഫാഷൻ വസ്ത്രങ്ങളും മറ്റും ഉണ്ടാകില്ല. തോൽ-രോമക്കുപ്പായങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യ ഫാഷൻഷോയാണ് ലണ്ടൻ ഫാഷൻ വീക്ക്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളുടെ തോൽ നിരോധിക്കുന്ന ലോകത്തിലെ ആദ്യ ഫാഷൻ ഷോയും ലണ്ടനിലേതാണ്. നടപ്പാക്കിയിട്ടില്ലെങ്കിലും സമാനമായ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഫാഷൻ ഷോകളാണ് മെൽബണിലേതും കോപ്പൻഹേഗനിലേതും.തോലുകൾക്കൊപ്പം തൂവലുകളും വസ്ത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കും നിരോധനം വരും. ഫാഷൻ ബിസിനസിൽ പാരിസ്ഥിതികവും സുസ്ഥിരവും സാമൂഹികവുമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനാണ് ഈ നിരോധനമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ലണ്ടൻ ഫാഷൻവീക്കിന്റെ ഈ തീരുമാനത്തിന് മൃഗസ്‌നേഹികളുടെ ആഗോളസംഘടനയായ പെറ്റ നിറഞ്ഞ കയ്യടിയാണ് നൽകുന്നത്.
ഇക്കഴിഞ്ഞയാഴ്ച പാർലമെന്റിൽ ബ്രിട്ടീഷ് ഫാഷൻ കൗൺസിലിന്റെ പോളിസി ആൻഡ് എൻഗേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡേവിഡ് ലീ പെംബർടൺ നടത്തിയ പ്രസംഗത്തിൽ ഇത്തരത്തിൽ പുറമേ നിന്നും ഇറക്കുമതി ചെയ്തെത്തിക്കുന്ന മൃഗങ്ങളുടെ തോൽ ഫാഷൻ ഷോയ്ക്ക് ഉപയോഗിക്കുന്നത് നിരോധിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. 2018ൽ തീരുമാനിക്കുകയും പിന്നീട് 2023ൽ മൃഗത്തോലുകൾ വസ്ത്രങ്ങൾക്കടക്കം ഉപയോഗിക്കുന്നത് നിരോധിച്ച് ഔദ്യോഗിക തീരുമാനമുണ്ടായി. ഈ തീരുമാനം ഏറെ ഗുണകരമാകുമെന്ന് പെറ്റയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Discussion about this post