കുട്ടികളെന്ന് പറഞ്ഞാൽ ഭാവിയുടെ വാഗ്ദാനങ്ങളാണ്. കുട്ടികളായിരിക്കുമ്പോൾ അവർ എങ്ങനെയാണോ വളർത്തപ്പെടുന്നത് അത് പോലെയിരിക്കും അവരുടെ യൗവനവും പിന്നീടുള്ള ജീവിതവും. ചെറുപ്പത്തിൽ കുട്ടികളുടെ മുന്നിൽവച്ച് ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും വലുതാകുമ്പോൾ കുഞ്ഞുങ്ങളിൽ വലിയ സ്വഭാവ വൈകല്യങ്ങൾക്ക് കാരണമാകും. കുട്ടികളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
അച്ഛനും അമ്മയുമാണ് കുട്ടികളുടെ ആദ്യറോൾമോഡലുകൾ. പല കാര്യങ്ങളും പഠിക്കുന്നത് പോലും അവർ മാതാപിതാക്കളെ നിരീക്ഷിച്ചാവും. അത് കൊണ്ട് തന്നെ, മാതാപിതാക്കൾ ചെയ്യുന്ന ഓരോ കാര്യവും കുട്ടികളുടെ ഭാവി നിർണയിക്കുന്നവയാണെന്ന് ഓർക്കുക. പലമാതാപിതാക്കളും അവരുടെ വ്യക്തിപരമായ തർക്കങ്ങളും വാക് വാദങ്ങളും കുട്ടികളുടെ മുന്നിൽ വച്ച് നടത്തും. ഇതിനിടെ നടത്തുന്ന മോശം പദപ്രയോഗങ്ങളും കുറ്റപ്പെടുത്തലുകളും കുട്ടികളുടെ മനസിൽ പതിയുന്നു. ഏതെങ്കിലും ഒരു അവസരത്തിൽ അവർ ഈ കാര്യങ്ങൾ പ്രയോഗിക്കും. മറ്റ് കുട്ടികളോടും ഇതേ രീതിയിൽ പെരുമാറാനും സാധ്യതയുണ്ട്.
ഫോൺ നോക്കുന്നതും പലപ്പോഴും പ്രശ്‌നമാണ്. കുട്ടികൾക്കൊപ്പം സമയം ചെലവിടാതെ ഫോൺ അഡിക്ടായിരിക്കുന്നത് പ്രശ്‌നമാണ്. മാതാപിതാക്കളുടെ സ്‌നേഹവും സാമീപ്യവും ലഭിക്കേണ്ട സമയത്താണ് ഈ പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. ഇത് കുട്ടികളുടെ മാനസിക വളർച്ചയെ ബാധിക്കുന്നു. കുട്ടികൾക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയുന്നതിനും ഇത് കാരണമാകും. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചുള്ള വഴക്ക് കുട്ടികളുടെ സന്തോഷത്തെ ഇല്ലാതാക്കുന്നു. പലപ്പോഴും ദമ്പതികൾ തമ്മിൽ നല്ല വഴക്ക് ഉണ്ടായതിന് ശേഷം പലപ്പോഴും ദമ്പതികൾ ഒറ്റയ്ക്ക് മാറി ഇരിക്കുന്നതും, കിടക്കാൻ പോകുന്നതും കാണാം. ഇത് കുട്ടികളെ ഒറ്റപ്പെടൽ അനുഭവിപ്പിക്കുന്നു.
മറ്റൊന്നാണ് ആർത്തവാരംഭത്തിലുള്ള മകളുമായുള്ള മാതാപിതാക്കളുടെ പെരുമാറ്റം. പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ കാലമാണിത്. അത് കൊണ്ട് തന്നെ വൈകാരികമായ പിന്തുണ മാതാപിതാക്കൾ കുട്ടികൾക്ക് നൽകേണ്ടത് അത്യാവശ്യമാണ്. ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഉത്തരം എപ്പോഴും നൽകാൻ തയ്യാറായിരിക്കുക.
Discussion about this post