ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ മൻസൂർ അലി ഖാന്റെ മകൻ അലിഖാൻ തുഗ്ലഖ് അറസ്റ്റിൽ. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്. ചെന്നൈ തിരുമംഗലം പോലീസ് ആണ് തുഗ്ലഖിനെ അറസ്റ്റ് ചെയ്തത്.
അടുത്തിടെ ലഹരിയുമായി 10 കോളേജ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണമാണ് തുഗ്ലഖിനെ അറസ്റ്റിന് കാരണം ആയത്. സംസ്ഥാനത്തെ പ്രധാന ലഹരിക്കടത്ത് സംഘത്തിലെ അംഗമാണ് തുഗ്ലഖ് എന്നാണ് പോലീസ് നൽകുന്ന വിവരം.
ഇന്നലെ രാവിലെയോടെയാണ് തുഹ്ലഖ് അറസ്റ്റിലായത്. ഇയാൾക്ക് പുറമേ ഇതേ കേസിൽ ഏഴ് പേരും പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ എടുക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. ഇതിന് ശേഷം ഇവരെ ചോദ്യം ചെയ്തു. 12 മണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
ഈ വേളയിൽ തുഗ്ലഖിന്റെ ഫോൺ അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയം ആക്കിയിരുന്നു. ഇതിൽ നിന്നും തുഗ്ലഖിന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധം വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Discussion about this post