ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ആഴ്‌സനലിന് ഉജ്ജ്വല ജയം. പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ പുത്തൻ ഊർജ്ജത്തോടെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഴ്‌സനൽ വീഴ്ത്തിയത്. രണ്ടാം പകുതിയിലായിരുന്നു പീരങ്കിപ്പടയുടെ രണ്ട് ഗോളുകളും. കോർണർ കിക്കുകളിൽ നിന്ന് പ്രതിരോധ താരങ്ങളായ ജൂറിയൻ ടിമ്പറും വില്യം സാലിബയുമാണ് ആഴ്‌സനലിനായി ഗോളുകൾ നേടിയത്. മത്സരത്തിൽ ഉടനീളം ആഴ്‌സനൽ തന്നെയാണ് ആധിപത്യം പുലർത്തിയത്. ജയത്തോടെ 28 പോയിന്റ് നേടിയ ആഴ്‌സനൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്. 19 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തും.
ഏഴ് മത്സരങ്ങൾക്ക് ശേഷം ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി ജയിച്ചു. പ്രീമിയർ ലീഗിൽ തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം സിറ്റി വീണ്ടും വിജയവഴിയിൽ. നോട്ടിംഗ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗ്വാർഡിയോളയുടെ ടീം തകർത്തത്. ഈ സീസണിൽ ഗോളുകൾ നേടാൻ ബുദ്ധിമുട്ടിയ ബെർണാഡോ സിൽവ, കെവിൻ ഡിബ്രൂയിനെ, ഡോക്കു എന്നിവരാണ് ഫോറസ്റ്റിനെതിരെ സിറ്റിക്കായി സ്‌കോർ ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് കയറി.
സതാംപ്ടനെ അവരുടെ സ്റ്റേഡിയത്തിൽ തൂത്തെറിഞ്ഞ് ചെൽസിയും വിജയം ആഘോഷിച്ചു. സതാംപ്ടനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മറെസ്‌കയുടെ ടീം നിലംപരിശാക്കിയത്. ഡിസാസി, എങ്കുങ്കു, മദുവേക്കെ, കോൾ പാൽമർ, ജേഡൻ സാഞ്ചോ എന്നിവരാണ് ചെൽസിയുടെ ഗോൾ സ്‌കോറർമാർ. ചെൽസിയിൽ ലോണിൽ എത്തിയ ശേഷം സാഞ്ചോ നേടുന്ന ആദ്യ ഗോളായിരുന്നു സതാംപ്ടനെതിരെ പിറന്നത്. ജയത്തോടെ 28 പോയിന്റുമായി പ്രീമിയർ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ചെൽസി.
പ്രീമിയർ ലീഗിൽ തുടർ വിജയങ്ങൾക്ക് ശേഷം ലിവർപൂളിന് ഒരു സമനില. സെന്റ് ജെയിംസ് പാർക്കിൽ അരങ്ങേറിയ ആവേശകരമായ പോരാട്ടത്തിൽ ന്യൂകാസിലാണ് ലിവപൂളിനെ 3-3ന് സമനിലയിൽ തളച്ചത്. റെഡ്‌സിനായി തകർപ്പൻ ഫോമിൽ കളിക്കുന്ന സൂപ്പർ താരം മൊഹമ്മദ് സലാഹ് ഇരട്ട ഗോളുകളുമായി വീണ്ടും മിന്നി. 14 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.
Discussion about this post