തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ബിന്ദു വെളിപ്പെടുത്തിയത്. ഭിന്നശേഷി കമ്മീഷനും ഈ വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. വിഷയം അന്വേഷിച്ച് നടപടി എടുക്കും എന്നും ബിന്ദു വ്യക്തമാക്കി.
ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഇടത്തേക്കാലിന് സ്വാധീനക്കുറവുള്ള, നടക്കുമ്പോള്‍ മുടന്തുള്ള വിദ്യാര്‍ത്ഥിയാണ് അനസ്. എസ്എഫ്ഐ നേതാക്കൾ യൂണിവേഴ്സിറ്റി കോളേജിനുള്ളിലെ പ്രത്യേക മുറിയിൽ വച്ച് ഈ വിദ്യാർത്ഥിയെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തതായും ആണ് അനസ് പരാതിപ്പെട്ടിട്ടുള്ളത്.
എസ്എഫ്ഐയുടെ പ്രാദേശിക പ്രവർത്തകൻ കൂടിയായ വിദ്യാർത്ഥിക്കാണ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്.
തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ അനസിനെ മർദ്ദിച്ചത്. കോളേജിലെ പരിപാടിക്ക് തോരണം കെട്ടാൻ സാധിക്കില്ല എന്ന് അറിയിച്ചതിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കളുടെ അധിക്ഷേപവും മർദ്ദനവും എന്നാണ് അനസ് വ്യക്തമാക്കുന്നത്. വൈകല്യമുള്ള അനസിനെ കോളേജിലെ യൂണിറ്റ് നേതാക്കള്‍ കൊടികെട്ടാനും മറ്റ് ജോലികള്‍ക്കും നിയോഗിക്കുമായിരുന്നു. പണം പിരിച്ച് നല്‍കുകയും വേണം. ഇതില്‍നിന്ന് ഒഴിവാകാൻ ശ്രമിച്ചതിന്റെ വിരോധത്തിൽ ആയിരുന്നു മർദ്ദനം.
Discussion about this post