ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസംഗങ്ങൾ മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ബംഗ്ലാദേശ് കോടതി. മുഹമ്മദ് യൂനുസിനെതിരെയും ഇടക്കാല സർക്കാരിനെതിരെയും വിമർശിച്ച് കഴിഞ്ഞ ദിവസം ഷെയ്ഖ് ഹസീന രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ഈ പ്രസംഗങ്ങൾ വ്യാപിക്കുന്നത് തടയണമെന്നും കോടതി നിർദ്ദേശിച്ചു.
അധികാരത്തിൽ നിന്ന് പുറത്തായ ശേഷം ആദ്യമായാണ് ഹസീന ജനങ്ങളെ അഭിസംബോധന ചെയുന്നത്.ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ഖ് ഹസീന ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ വിമർശിച്ചത്.
മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചിരുന്നു. പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനെപ്പോലെ തന്നെയും വധിക്കാൻ ശ്രമിച്ചിരുന്നു. സായുധരായ പ്രതിഷേധക്കാരെ ഗണഭനിലേക്ക് അയക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. സെക്യൂരിറ്റി ഗാർഡുകൾ വെടിയുതിർത്താൽ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. എന്നാൽ താൻ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ ആഗ്രഹഹിച്ചിരുന്നില്ല . ഞാൻ ഗാർഡുകളോട് വെടിവെക്കരുതെന്ന് പറഞ്ഞു. ഇന്ന്, എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർത്ഥത്തിൽ, യൂനുസ് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് അവർ അത് നടപ്പാക്കുന്നത് എന്നാണ് അവർ ആരോപിച്ചിരുന്നത്.
Discussion about this post