തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്കടക്കം മർദ്ദനമേറ്റ സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് പോലീസ്. എന്നാൽ പ്രതികൾ കോളേജിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ വീട്ടിലേക്ക്‌പോവുന്നത് പോലീസ് സ്‌റ്റേഷന്റെ മുന്നിലൂടെയെന്നും പരാതിക്കാർ ആരോപിച്ചു.
അതേസമയം സംഭവത്തിൽ അന്വേഷമം ഊർജിതമാക്കിയെന്നാണ് പോലീസ് പറയുന്നത്. പ്രതികളായ എസ് എഫ് ഐ പ്രവർത്തകരുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഇന്നലെ രാത്രിയായിരുന്നു പരിശോധന നടത്തിയത്. എന്നാൽ പ്രതികളാരും വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂവച്ചൽ സ്വദേശിയായ ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്, സെക്രട്ടറി വിധു ഉദയ, യൂണിറ്റ് അംഗങ്ങളായ മിഥുൻ, അലൻ ജമാൽ എന്നിവർ മർദ്ദിച്ചെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംഭവത്തിൽ ഭിന്നശേഷി കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അനസ് പരാതി നൽകിയിട്ടുണ്ട്.
രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർത്ഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാൽ മരത്തിൽ കയറാൻ പറ്റില്ലെന്ന് അനസ് പറഞ്ഞു. അപ്പോൾ നിനക്ക് പ്രാദേശികമായി പ്രവർത്തിക്കാൻ അറിയാമല്ലോ എന്ന് പറഞ്ഞ് അസഭ്യം തുടങ്ങിയത്. പിന്നാലെ അനസിനെയും സുഹൃത്തായ അഫ്‌സലിനെയുമാണ് യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
Discussion about this post