പത്തനംതിട്ട ; എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നു.
സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തിൽ ഇല്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഇൻക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീൻ ബാബുവിന്റെ ബന്ധു അനിൽ പി നായർ പറഞ്ഞു. പോസ്റ്റമോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേ പോസ്റ്റ്‌മോർട്ടം നടത്താൻ പാടുള്ളൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പോലീസ് ഞങ്ങളെ അറിയിച്ചത്. അതിനുമുൻപ് അനുമതി നേടിയിരുന്നില്ല എന്ന് ബന്ധു പറഞ്ഞു.
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. കോടതിയെ അറിയിച്ചത് കുടുംബത്തിന്റെ ആശങ്കകളും സംശയങ്ങളും മാത്രമാണ്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.
അന്വേഷണത്തിൽ പുരോഗതിയില്ലെന്ന ഹർജിക്കാരിയായ നവീൻ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണെന്നും പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ ഒരു ആത്മഹത്യയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ തൂങ്ങി മരണമാണെന്നും ശരീരത്തിൽ മറ്റ് മുറിപ്പാടുകളില്ലെന്നും ഡോക്ടർമാരുടെ റിപ്പോർട്ടിൽ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറൻസിക് സംഘവും നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു .
Discussion about this post