അഡലെയ്ഡ് : വ്യത്യസ്തമായ ഷോട്ടുകൾ കൊണ്ട് കാണികളെ അമ്പരപ്പിക്കുന്നതിൽ എന്നും മുൻപിൽ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ടീം തകരുമ്പോൾ രക്ഷകനായി അവതരിക്കുകയും തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് എതിരാളികളുടെ മുന്നേറ്റം തടയുകയും ചെയ്യുന്നതിൽ പന്ത് എന്നും മുന്നിലാണ്. അഡലെയ്ഡ് ടെസ്റ്റിലും ചില ഷോട്ടുകൾ കൊണ്ട് കാണികളേയും കമന്റേറ്റർമാരെയും എതിർ ബൗളർമാരെയും ഞെട്ടിക്കാൻ പന്ത് മറന്നില്ല. ഈ ഷോട്ടുകൾ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.
ഓസ്ട്രേലിയക്ക് മേൽക്കൈ കിട്ടിയ രണ്ടാം ദിവസം ഇന്ത്യ രണ്ടാമിന്നിംഗ്സിൽ തകർച്ച നേരിടുമ്പോഴാണ് പന്ത് എത്തുന്നത്. ഫാസ്റ്റ് ബൗളർമാരെ വെറും സ്പിന്നർമാരെ പോലെ കണ്ടാണ് പന്തിന്റെ ചില ഷോട്ടുകൾ. സാധാരണ സ്പിന്നർമാർക്കെതിരെ മാത്രം ഒരു ബാറ്റർ പുറത്തെടുക്കുന്ന സ്വിച്ച് ഹിറ്റുകൾ ഓസ്ട്രേലിയൻ പേസ് ബൗളർമാർക്കെതിരെ അനായാസം പുറത്തെടുത്താണ് പന്ത് ഗ്യാലറികളിലും കമന്ററി ബോക്സിലും ചിരി പടർത്തിയത്.
https://x.com/7Cricket/status/1865351451674878310
വിരാട് കോഹ്‌ലി പുറത്തായതിനു ശേഷം ക്രീസിലേക്കെത്തിയ ഋഷഭ് പന്ത് നേരിട്ട ആദ്യ പന്ത് തന്നെ ലോംഗോഫിലേക്ക് തൂക്കിയാണ് വരവറിയിച്ചത്. പിന്നീട് ബോളണ്ടിനെ സ്വിച്ച് ഹിറ്റ് ചെയ്ത പന്ത് ഷോട്ടിനു ശേഷം ക്രീസിൽ വീണു. ഇതേ ബൗളറെ തന്നെ ഓഫ്സൈഡിൽ വന്ന പന്ത് ലെഗ്സൈഡിലേക്ക് ബൗണ്ടറിക്ക് പറത്തിയതും കീസിൽ വീണുകൊണ്ടായിരുന്നു. കമന്റേറ്റർമാരിൽ ചിരി പടർത്തിയായിരുന്നു പന്തിന്റെ ഷോട്ടുകൾ. സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ് പന്തിന്റെ ഷോട്ടുകളെക്കുറിച്ച് ഉയരുന്നത്. ഇനി തലകുത്തനെ നിന്നുള്ള ഷോട്ടുകൾ കൂടിയേ പന്ത് അടിക്കാനുള്ളൂ എന്നാണ് ക്രിക്കറ്റ് ആരാധകർ അഭിപ്രായപ്പെടുന്നത്.
https://x.com/StarSportsIndia/status/1865352532308238675
157 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയ ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ പതറുകയാണ്. കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 28 റൺസോടെ ഋഷഭ് പന്തും 18 റൺസോടെ നിതീഷ് കുമാർ റെഡ്ഡിയുമാണ് ബാറ്റ് ചെയ്യുന്നത്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കണമെങ്കിൽ ഇനിയും 29 റൺസ് കൂടി ഇന്ത്യ നേടണം.
Discussion about this post