പത്തനതിട്ട : മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്‌ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല.
ഒക്ടോബർ 15 ന് രാവിലെയാണ് നവീൻ ബാബു മരിക്കുന്നത്. അന്നു രാവിലെ 10.15 മുതൽ 11.45 വരെ കണ്ണൂർ ടൗൺ പോലീസ് പരിശോധന നടത്തിയിരുന്നു. അതിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരം പറയുന്നത്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.
അതേ സമയം, കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പോലീസ് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതി അറിയിച്ചിരുന്നു.
Discussion about this post