നല്ല കറുത്ത മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍, ഇന്നത്തെ കാലത്ത് പലവിധ കാരണങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് അകാലനര ബാധിക്കുന്നു. അകാലനര ഒളിപ്പിക്കാന്‍ മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ നിറഞ്ഞ ഡെെ പോലുള്ളവ ഉപയോഗിക്കാറാണ് പതിവ്.
എന്നാൽ, ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. ഇത്തരത്തില്‍ കെമിക്കൽ ഡെെ ഉപയോഗിക്കുന്നത് നര കൂടാനും മുടിക്ക് കേടുപാടുകള്‍ വരാനും കാരണമാകുന്നു.
അതുകൊണ്ട് വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. മുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും നര മാറ്റാനും ചെലവ് അധികമില്ലാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. എങ്ങനെയാണ് പ്രകൃതിദത്തമായ സാധനങ്ങൾ കൊണ്ട് അകാലനര മാറ്റുക എന്ന് നോക്കാം..
നെല്ലിക്ക, മെെലാഞ്ചി, ഉള്ളി നീര് എന്നിവയെല്ലാം അകാല നര മാറ്റാൻ നല്ലതാണ്.
വെെറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായ നെല്ലിക്ക ആരോഗ്യത്തിന് മാത്രമല്ല മുടിയ്ക്കും വളരെ നല്ലതാണ്. മുടി വളരുന്നതിനും നരയെ തടയാനും നെല്ലിക്ക സഹായിക്കും. നെല്ലിക്ക ഉണക്കിപ്പൊടിച്ച പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടിയ ശേഷം ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് അകാല നര വരുന്നത് തടയുന്നു.
കറുത്ത മുടിക്ക് കൂടുതൽ തിളക്കം നൽകുന്നതിന് പ്രകൃതിദത്തമായ കണ്ടീഷണറാണ് ഹെന്ന അഥവാ മെെലാഞ്ചി. ഇത് രാസവസ്തുക്കൾ ഇല്ലാതെ മുടിക്ക് പ്രകൃതിദത്തമായ നിറം നല്‍കുന്നു. മെെലാഞ്ചി പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയിൽ പുരട്ടി കുറച്ച് കഴിഞ്ഞ് കഴുകി കളയുക. മുടിയ്ക്ക് നല്ല തിളക്കം ലഭിക്കും.
ഉള്ളി നീര്
ഉള്ളി നീരിൽ സൾഫർ അടങ്ങിയിട്ടുണ്ട് ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. മുടി വളരാനും സ്വാഭാവിക നിറം നിലനിർത്താനും ഇത് സഹായിക്കുന്നു. ഉള്ളി അരച്ച് നീര് വേർതിരിച്ച് തലയിൽ പുരട്ടുക. 30 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
Discussion about this post