മൃഗങ്ങളിൽ മനുഷ്യന്‍ ഏറ്റവും ആദ്യം സൗഹൃദം കൂടിയത് നായ്ക്കളോടാണ് എന്നാണ് പറയാറ്. മനുഷ്യന്‍ ഏറ്റവും കൂടുതൽ ഇണക്കി വളര്‍ത്തുന്നതും നായ്ക്കളെ തന്നെയാണ്. ഇപ്പോഴിതാ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പുതിയ പഠനമാണ് പുറത്ത് വരുന്നത്.
ഇവര്‍ തമ്മിലുള്ള ചങ്ങാത്തം തുടങ്ങിയിട്ട് കാലം കുറേ ആയി എന്നാണ് ഒരു പുതിയ ഗവേഷണം പറയുന്നത്. മനുഷ്യനും നായ്ക്കളും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് ഏകദേശം 12,000 വർഷങ്ങൾ ആയെന്നാണ് പുതിയ കണ്ടെത്തൽ.
അരിസോണ സർവ്വകലാശാലയിലെ ഗവേഷകർ ഇത്തരത്തിൽ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
സയൻസ് അഡ്വാൻസസ് ജേണലിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അലാസ്കയിൽ നിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇത് പ്രകാരം മനുഷ്യനും ഇന്നത്തെ നായ്ക്കളുടെ പൂർവികരും, മുമ്പ് കണ്ടെത്തിയിരുന്നതിലും 2,000 വർഷങ്ങൾക്ക് മുമ്പ് തന്നെ ചങ്ങാതികൾ ആയിരുന്നു.
അലാസ്കയിലെ സ്വാൻ പോയിൻ്റിൽ നിന്ന് കണ്ടെത്തിയ ഒരു നായയുടെ അസ്ഥിയിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പ്, ഹിമയുഗത്തിൻ്റെ അവസാനത്തോട് അടുക്കുമ്പോൾ തന്നെ നായ്ക്കൾ ജീവിച്ചിരുന്നുവെന്ന് പഠനം പറയുന്നു. പഠനത്തിൽ മനുഷ്യരുമായി അടുത്ത ബന്ധം പുലർത്തിയതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി ആണ് വ്യക്തമാക്കുന്നത്.
പഠനത്തിന്റെ ഭാഗമായി അവശിഷ്ടങ്ങള്‍ രാസവിശകലനം നടത്തിയതില്‍ നിന്ന് സാൽമൺ പ്രോട്ടീനുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അന്നത്തെ കാലത്ത് നായ പതിവായി മത്സ്യം കഴിച്ചിരുന്നു എന്നതിന്റെ സൂചനയാണെന്ന് ഗവേഷകർ പറയുന്നു. കരയിൽ മാത്രം വേട്ടയാടി ജീവിച്ചിരുന്ന നായ്ക്കൾ മത്സ്യം കഴിക്കണമെങ്കിൽ അവ തീർച്ചയായും മനുഷ്യരുമായി ബന്ധം പുലർത്തിയിരുന്നു എന്നുവേണം അനുമാനിക്കാൻ എന്നും പഠനത്തിൽ പറയുന്നു.
Discussion about this post