ലണ്ടനടുത്ത സ്ട്രാറ്റ്‌ഫോഡിലെ ഡെയ്സി ടെയ്ലർ എന്ന ഈ മുത്തശ്ശിയുടെ പ്രായം 105. ഇപ്പോഴും സജീവമായി ചിരിച്ചുല്ലസിച്ച് ജീവിക്കുന്ന ഈ മുത്തശ്ശിയോട് ആരോഗ്യരഹസ്യം എന്തെന്ന് ചോദിച്ചാൽ അവർ ഒരു സംശയവുമില്ലാതെ പറയും യോഗ ആണെന്ന്.
‘ഞാൻ തറയിൽ കിടന്നാണ് യോഗ ചെയ്യുന്നത്. പക്ഷേ ആ സമയത്ത് എന്നെ സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അത് നടക്കൂ. യോഗ ചെയ്ത് കഴിഞ്ഞ് എഴുനേൽക്കാൻ ആരുടെയെങ്കിലും ചെറിയ സഹായം ഇന്ന് ആവശ്യമാണ്. ആരും സഹായിക്കാൻ ഇല്ലെങ്കിൽ. കസേരയിൽ ഇരുന്നും യോഗാഭ്യാസം ചെയ്യും‘. ഡെയ്സി ടെയ്ലർ പറയുന്നു.
മൂന്ന് കൊല്ലമേ ആയുള്ളൂ ഡെയ്സി ടെയ്ലർ യോഗ പരിശീലിക്കാൻ തുടങ്ങിയതെന്നതാണ് ഏറ്റവും ആശ്ചര്യകരം. തൻ്റെ 102ആം വയസ്സിലാണ് അവർ യോഗാഭ്യാസം തുടങ്ങിയത്. “എൻ്റെ ആരോഗ്യമെല്ലാം ക്ഷയിച്ചിരുന്ന അവസ്ഥയിലാണ് യോഗാഭ്യാസം തുടങ്ങിയത്. യോഗ ചെയ്ത് തുടങ്ങിയതോടെ അനേകം വർഷം പ്രായം കുറഞ്ഞത് പോലെയായി. എപ്പോഴും എവിടെയിരുന്നു ഒരു ഉപകരണവും ഇല്ലാതെ യോഗാഭ്യാസം ചെയ്യാനാകും ബുദ്ധിശക്തിയിലും ഓർമ്മ ശേഷിയിലും വലിയ മെച്ചമാണ് അതിനു ശേഷം ഉണ്ടായത്“ മുത്തശ്ശി പറയുന്നു. യോഗ ചെയ്ത് തുടങ്ങിയതിനു ശേഷം ചിത്ര രചനയും വിവിധ കരകൗശല രീതികളും പഠിക്കാൻ വേഗം സാധിക്കുന്നു എന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്. അർദ്ധചന്ദ്രാസനമാണ് ഏറ്റവും പ്രിയപ്പെട്ട ആസനം
ഫലിത പ്രിയയും എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നവരും ആണ് മുത്തശ്ശിയെന്നാണ് ബന്ധുക്കളും കൂട്ടുകാരുമെല്ലാം പറയുന്നത്..
ഡെയ്സി മുത്തശ്ശിയുടെ 105 ആം പിറന്നാൾ വലിയ ആഘോഷമായാണ് ബന്ധുമിത്രാദികൾ കൊണ്ടാടിയത്. ‘ഇത്രയും നാൾ ജീവിച്ചിരിക്കുമെന്നൊന്നും കരുതിയതേയില്ല., രാവിലെ എഴുനേൽക്കുമ്പോൾ ആ ദിവസം എത്രത്തോളം വിനോദത്തിൽ ഏർപ്പെടാനാകും എന്നാണ് ആലോചിക്കുന്നത്“ മുത്തശ്ശി പറയുന്നു.
1919ലാണ് ഡെയ്സി ടെയ്ലർ ജനിച്ചത്. ഫാക്ടറികളിൽ മെഷീനിസ്റ്റായും കഫേ മാനേജരായും പല ജോലികൾ ചെയ്തിട്ടുണ്ട്. പത്തൊമ്പതാം വയസ്സിൽ വിവാഹിതയായ ഈ മുതുമുത്തശ്ശിക്ക് മൂന്ന് മക്കളും പത്ത് ചെറുമക്കളും 25 പേരക്കുട്ടികളുടെ മക്കളും ഉണ്ട്. ഭർത്താവ് റേ ടെയ്ലർ കൊല്ലങ്ങൾക്ക് മുന്നേ അന്തരിച്ചു. അതിനു ശേഷം എസക്സിലെ ഒരു പരിചരണ വസതിയിലാണ് ഡെയ്സി അമ്മൂമ്മ ജീവിക്കുന്നത്.
“എൻ്റെ കുടുംബത്തിലുള്ളവരോടും കൂട്ടുകാരോടും എല്ലാം യോഗ ചെയ്യാൻ ഞാനിപ്പോൾ നിർബന്ധിക്കാറുണ്ട്. ഏത് പ്രായത്തിലും നിങ്ങൾക്ക് യോഗ ചെയ്ത് തുടങ്ങാം. എപ്പോൾ ചെയ്ത് തുടങ്ങിയാലും നിങ്ങൾക്ക് അതിൻ്റെ ഗുണഫലങ്ങൾ ലഭിക്കും. വെറുതേ ഇരിക്കുമ്പോഴും എന്തെങ്കിലും ഒക്കെ ചെയ്യുക. ചുമ്മാ തോൾ കറക്കുകയോ കൈകാലുകൾ നിവർത്തുകയോ ചെയ്യുക. അനങ്ങാതെ ഇരിക്കരുത്“. ഡെയ്സി മുത്തശ്ശി ഉപദേശിക്കുന്നു.
വ്യായാമമോ യോഗയോ ചെയ്ത് തുടങ്ങാൻ പ്രായം ഒരു തടസ്സമല്ല എന്നാണ് ഡെയ്സി മുത്തിശ്ശിയുടെ ചികിത്സകർ പറയുന്നത്. ഏത് പ്രായത്തിൽ ചെയ്ത് തുടങ്ങിയാലും നമുക്ക് പുരോഗതിയുണ്ടാക്കാനാകും എന്നും വയോജന പരിചരണത്തിൽ ലഘു യോഗാഭ്യാസങ്ങൾ കൂട്ടിച്ചേർക്കുന്നത് ജീവിത ഗുണനിലവാരത്തിൽ വലിയ മെച്ചമാണ് ഉണ്ടാക്കുക എന്നും അവർ പറയുന്നു.
Discussion about this post