ബെംഗളൂരു ആസ്ഥാനമായ അസ്ടീരിയ എയ്രോസ്പേസ് എന്ന കമ്പനി ഭാരതീയ കരസേനയുമായുണ്ടാക്കിയ ഏറ്റവും വലിയ കരാർ പൂർത്തീകരിച്ചു. കരസേനയുടെ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എ ടി 15 ഡ്രോണുകൾ മുഴുവനായും അവർ കരസേനക്ക് കൈമാറി. 160 ഡ്രോണുകളാാണ് കരസേനയുടേ ആവനാഴിയിലെത്തിയിരിക്കുന്നത്. അത്യന്താധിനിക നിരീക്ഷണ സൗകര്യങ്ങളും സുരക്ഷാ-സൈനിക സൗകര്യങ്ങളും ഒത്തിണങ്ങിയ ഡ്രോണുകളാണ് എ ടി 15. നേരേ മുകളിലേക്ക് പറന്നുയരാൻ (Vertical Takeoff and Landing (VTOL)) കഴിവുള്ള ഡ്രോണുകളാണവ. അതുകൊണ്ട് തന്നെ വളരെച്ചെറിയ സ്ഥലത്തു നിന്ന് പോലും ഇവ വിക്ഷേപിക്കാനാകും.
ഇരുപത് കിലോമീറ്റർ അകലെയിരുന്ന് നിയന്ത്രിക്കാനാവുന്ന ഈ ഡ്രോണുകൾക്ക് പരമാവധി വേഗതയിൽ 120 മിനിറ്റ് പറക്കാൻ ശേഷിയുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 6000 അടി വരെ പറന്നുയരാൻ ശേഷിയുള്ള എ ടി 15ന് 8 കിലോഗ്രാം ഭാരമാണുള്ളത്. 80 കിലോമീറ്റർ വേഗതയിൽ വരെ പറക്കാനാവുന്ന ഈ ഡ്രോണുകൾക്ക് ദൂരെയുള്ള സൈനികവ്യൂഹങ്ങൾക്കും ആർട്ടിലറി തോക്കുകൾക്കും ലക്ഷ്യം കൃത്യമായി കാട്ടിക്കൊടുക്കാനാകും.മാത്രമല്ല മിസൈലിൽ എന്ന പോലെ ആർട്ടിലറീ തോക്കുകൾക്കായി ലക്ഷ്യത്തെ പിൻതുടരാനും (Target tracking) കഴിയും. രണ്ട് ഹൈ റെസല്യൂഷൻ ഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് കാമറകളും ഈ ഡ്രോണുകളിലുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലും വെളിച്ചമില്ലാത്ത അവസരങ്ങളിലും കൃത്യമായി ലക്ഷ്യം കാട്ടിത്തരാൻ ഈ ഡ്രോണുകൾക്ക് കഴിയും.
ബെംഗളൂരു ആസ്ഥാനമായ അസ്ടീരിയ എയ്റൊസ്പേസ് 2013ൽ എയ്റോസ്പേസ് എഞ്ചിനീയർമാറായ നീൽ മേത്തയും നിഹാർ വർത്തകും ചേർന്ന് സ്ഥാപിച്ചതാണ്. ബോയിങ് ഉൾപ്പെടെയുള്ള വലിയ വിമാനക്കമ്പനികളിലെ ഡിസൈൻ എഞ്ചിനീയർമാരായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ഇവർ ഇന്ത്യയിലെത്തി അസ്ടീരിയ എയ്റൊസ്പേസ് തുടങ്ങുന്നത്. ഖനന വ്യവസായം മുതൽ കൃഷിയിടങ്ങൾക്ക് വരെയുള്ള ഡ്രോണുകൾ നിർമ്മിക്കലായിരുന്നു ഈ കമ്പനിയുടെ ലക്ഷ്യം.
പക്ഷേ മോദി സർക്കാരിൻ്റെ സമയത്ത് ഇന്ത്യൻ കമ്പനികളെ പ്രതിരോധ വ്യവസായത്തിലേക്ക് ആകർഷിക്കാൻ തുടങ്ങിയ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളായാണ് ഈ കമ്പനി സൈനിക-പ്രതിരോധ മേഖലക്ക് വേണ്ട ഡ്രോണുകൾ നിർമ്മിച്ച് തുടങ്ങിയത്. പ്രധാനമായും നാല് മോഡൽ ഡ്രോണുകളാണ് ഇവർ നിർമ്മിക്കുന്നത്. ഡ്രോണുകൾക്കൊപ്പം ഇവയ്ക്ക് വേണ്ട എല്ലാ സോഫ്റ്റ്‌വെയറുകളും തദ്ദേശീയമായിത്തന്നെയാണ് നിർമ്മിക്കുന്നത്.
ഈ ഡ്രോണുകളുടെ ലഭ്യതയോടെ ഭാരതീയ കരസേനയുടെ സുരക്ഷാ പര്യവേക്ഷണത്തിനും അതിർത്തി മേൽനോട്ടത്തിനും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ നിർമ്മിതമായ ഈ ഡ്രോണുകൾ ഏതൊരു വിദേശ കമ്പനിയുടെയും സമാനമായ മോഡലുകളോട് കിടപിടിക്കുന്നതാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നവയേക്കാൾ പതിന്മടങ്ങ് ചിലവ് കുറവാണ് ഈ ഡ്രോണുകൾക്ക്. ഇന്ത്യൻ കമ്പനിയായത് കൊണ്ട് മുഴുവൻ സാങ്കേതികവിദ്യയും സേനയ്ക്ക് കൈമാറുന്നതോടെ ഇവയെ ഏത് രീതിയിലും മാറ്റം വരുത്തി ഉപയോഗിക്കാനും സൈന്യത്തിന് കഴിയും.
ഒരേ ദിവസം ഏറ്റവും മികച്ച ഇന്ത്യൻ നിർമ്മിത ഡ്രോണുകൾ കരസേനയ്ക്ക് ലഭിച്ചപ്പോൾ അതേ ദിവസം തന്നെ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഡ്രോൺ വേധ സംവിധാനവും മഹീന്ദ്ര പുറത്തിറക്കിയത് ആത്മനിർഭർ ഭാരതിൻ്റേയും മേക് ഇൻ ഇന്ത്യ ഇൻ ഡിഫൻസിൻ്റേയും വലിയ വിജയമായാണ് ദേശീയമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post