ഹലാനിസ ഹന്നിന ബീജഡ ദോശ എന്ന് കേട്ടിട്ടുണ്ടേ …. ? കർണ്ണാടകയിൽ നിന്നാണ് ഹലാനിസ ഹന്നിന ബീജഡ ദോശ വരുന്നത്. ഇതൊരു കനഡ ദോശയാണ്. ഇത് രുചികരവും ആരോഗ്യപ്രദവും കൂടിയാണ്. ഇത് എന്ത് ദോശ എന്നായിരിക്കും ഓർക്കുന്നത്. മറ്റൊന്നുമല്ല പോഷക സമൃദ്ധമായ ചക്കക്കുരു ഉപയോഗിച്ചാണ് ഈ ദോശ തയ്യാറാക്കുന്നത് .
ഇന്ത്യൻ പാചകത്തിൽ ചക്കയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ചക്കക്കുരുവിൽ ധാരാളം ധാതുക്കളും ബികോംപ്ലക്‌സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മലബന്ധം തടയാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ചക്കക്കുരു ദോശയ്ക്കുള്ള ആവശ്യമുള്ള സാധനങ്ങൾ
ഉണങ്ങിയ ചക്കക്കുരു – 1 കപ്പ് (ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക)
പച്ചരി – 2 കപ്പ്
കടല-2 ടീസ്പൂൺ
ഇഞ്ചി- 2 ഇഞ്ച് കഷണം
ഉലുവ – 1/2 ടീസ്പൂൺ
ജീരകം -1 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
ഉപ്പ് -1/2 ടീസ്പൂൺ
വെള്ളം -ആവശ്യം
എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
അരി, കടല, ഉലുവ എന്നിവ 2 കപ്പ് വെള്ളത്തിൽ 3 മുതൽ 4 മണിക്കൂർ വരെ അല്ലെങ്കിൽ രാത്രി മുഴുവൻ കഴുകി കുതിർക്കുക.
ചക്കക്കുരു കുക്കറിൽ വേവിക്കുക. തണുത്തുകഴിഞ്ഞാൽ ചക്കക്കുരുവിൽനിന്ന് വെളുത്ത തൊലി നീക്കം ചെയ്യുക. ശേഷം
വേവിച്ച ചക്ക വിത്തിൽ നിന്ന് വെള്ളം ഒരു കപ്പിലേക്ക് മാറ്റുക. വേവിച്ച വിത്തുകൾ, ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ ഒരു മിക്സിയുടെ ജാറിലെടുത്ത് ചക്കക്കുരു വേവിച്ച വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക. കുതിർത്തു വച്ചിരിക്കുന്ന അരി അരച്ചെടുത്ത് ചക്കക്കുരു പേസ്റ്റിൽ പാകത്തിന് വെള്ളം ചേർത്തിളക്കുക. മാവ് നന്നായി യോജിപ്പിച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ദോശ ചുട്ടെടുക്കാം
Discussion about this post