ജെറുസലേം: പലസ്തീനിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനവിഭാഗം, ഹമാസിലെയും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിലെയും(പിഐജെ) ഭീകരരെ ഗാസ മുനമ്പിലെ സ്‌കൂളുകളിൽ നിയമിച്ചതായി വിവരം. ഇത് സംബന്ധിച്ച് ഹമാസിന്റെ കൈവശം ഉള്ള രേഖകൾ ഇസ്രായേൽ വീണ്ടെടുത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒരു ദശാബ്ദത്തിലേറെയായി, തങ്ങളുടെ അംഗങ്ങൾക്കിടയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റം പരിശോധിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ, പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി ഫോർ നിയർ ഈസ്റ്റിൽ (UNRWA) ഇസ്രായേൽ നിരാശയിലാണ്. ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിലും നിരവധി യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ഇസ്രായേൽ ആരോപിച്ചു. കമാൻഡ് സ്ഥാനങ്ങൾ വഹിക്കുന്നവരുൾപ്പെടെ 24 ഹമാസും പിഐജെ ഭീകരരും യുഎൻആർഡബ്ല്യുഎയുടെ കീഴിൽ ശമ്പളം വാങ്ങിക്കുന്നവരായി ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് അവലോകനം ചെയ്ത രേഖകൾ കാണിക്കുന്നു.
ഹമാസും മറ്റ് പലസ്തീൻ ഭീകരസംഘടനകളും യുഎൻആർഡബ്ല്യുഎയിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നും ആയുധങ്ങൾ സൂക്ഷിക്കാനും ഭീകരർക്ക് അഭയം നൽകാനും ഇസ്രയേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കാനും സ്‌കൂളുകൾ ഉൾപ്പെടെയുള്ള യുഎൻ സൗകര്യങ്ങൾ പണ്ടേ ഉപയോഗിച്ചിട്ടുണ്ടെന്നും ഇസ്രായേൽ വളരെക്കാലമായി ആരോപിക്കുന്ന വിഷയമാണ്.
യുഎൻആർഡബ്ല്യുഎ നിയമിച്ച ഭീകരരിൽ ഭൂരിഭാഗവും യുഎൻ നടത്തുന്ന സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരോ ഡെപ്യൂട്ടി പ്രിൻസിപ്പൽമാരോ ആയിരുന്നുവെന്നും ബാക്കിയുള്ളവർ സ്‌കൂൾ കൗൺസിലർമാരും അധ്യാപകരുമാണെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു.ഗാസയിലെ 288 സ്‌കൂളുകളിൽ 24 എണ്ണത്തിലെങ്കിലും ഇത്തരം തീവ്രവാദികളെ യുഎൻ നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ഭീകരരുടെ റിക്രൂട്ട്മെന്റ് വെളിപ്പെടുത്തുന്നതിന് പുറമേ, രണ്ട് സ്‌കൂളുകൾ ആയുധങ്ങൾ ഒളിപ്പിക്കാനും ഒളിക്കാനും ഉപയോഗിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. യുഎൻ നടത്തുന്ന സ്‌കൂളുകളിൽ ഹമാസ് ഭീകരർ ജോലി ചെയ്യുന്നത് ഗാസയിലുടനീളമുള്ള പരസ്യമായ രഹസ്യമാണെന്ന് ഗാസ നിവാസികൾ വെളിപ്പെടുത്തിയിരുന്നു. യുഎന്നിന്റെ ശമ്പളപ്പട്ടികയിലുള്ള ഒരു ഹമാസ് ഭീകരൻ സ്‌കൂൾ സമയം കഴിഞ്ഞ് റൈഫിളുമായി ഹമാസ് സൈനിക യൂണിഫോമിൽ പതിവായി കാണാറുണ്ടെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി.
Discussion about this post