ധാക്ക: ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ അടുത്തതും ശക്തവുമാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഹമ്മദ് യൂനുസിന്റെ പരാമർശം.
ഇന്ത്യയും ബംഗ്ലാദേശും നല്ല അയൽക്കാരാണെന്നും എന്നാൽ അതിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കണമെന്നും യൂനുസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ആദ്യ ഉന്നതതല നയതന്ത്ര ഇടപെടലാണ് ഇത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തുന്ന പ്രസ്താവനകളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ‘ഞങ്ങളുടെ ആളുകൾ ആശങ്കാകുലരാണ്. കാരണം ഷെയ്ഖ് ഹസീന അവിടെ നിന്ന് നിരവധി പ്രസ്താവനകൾ നടത്തുന്നു. ഇത് സംഘർഷം സൃഷ്ടിക്കുന്നു എന്ന് യൂനുസ് മിസ്രിയോട് പറഞ്ഞു. മതം, നിറം, വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഓരോ പൗരനെയും സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ പ്രതിജ്ഞാബദ്ധമണ്. ഇന്ത്യയുമായി എല്ലാ മേഖലയിലും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ‘ഞങ്ങൾ ഒരു കുടുംബമാണ്, ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി യോജിച്ച് പ്രവർത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, ഇതിനായുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്ന് വിക്രം മിസ്രിയും വ്യക്തമാക്കി. കഴിഞ്ഞ മാസം ബംഗ്ലാദേശ് പൗരന്മാർക്കുള്ള വിസകളുടെ എണ്ണം ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ ഇത് ഇനിയും വർദ്ധിപ്പിക്കുമെന്നും മിസ്രി പറഞ്ഞു. ”നമുക്ക് ഞങ്ങളുടെ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.
Discussion about this post