മുംബൈ : കുർളയിൽ ബസ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം ഏഴായി. 49 പേർക്ക് പരിക്കേറ്റു.അന്ധേരിയിലേക്ക് പോവുകയായിരുന്ന ബൃഹൻമുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ് (ബെസ്റ്റ് ) ബസാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.
തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു മുംബൈ കുർള വെസ്റ്റിൽ അപകടമുണ്ടായത്. 30-40 വാഹനങ്ങളുമായി കൂട്ടിയിടിച്ച് ജനവാസ മേഖലയായ ബുദ്ധ കോളനിയിലേക്ക് കയറി ബസ് ഇടിച്ചുനിൽക്കുകയായിരുന്നു. അതിവേഗതയിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്.
ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗത്തിൽ വരുന്ന ബസിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി.യിലുണ്ട്. ബസ് മറ്റുവാഹനങ്ങളിൽ ഇടിച്ചു കയറുന്നതിനു മുമ്പ് 200 മീറ്ററോളം അപകടകരമായ രീതിയിലാണ് ബസ് സഞ്ചരിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റവരെ സ്വകാര്യ ആശൂപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. ബസ് ഡ്രൈവറെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post