പ്രയാഗ്രാജ്: അടുത്ത വർഷത്തെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തത്ര ജനത്തിരക്ക് ആണ് ഇത്തവണ മഹാകുംഭമേളയില്‍ പ്രതീക്ഷിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളുമായി യുപി സർക്കാർ മുന്നോട്ടുപോവുകയാണ്.
പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് കരുതുന്നത്. ഇതിൽ ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനും പുത്തൻ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.
എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകർ നടത്തിക്കൊണ്ടിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം കണക്കാക്കാൻ പ്രധാനമായും എ.ഐ അധിഷ്ഠിത ക്യാമറകൾ തന്നെയായിരിക്കും ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ ആർഎഫ്ഐഡി ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളുമുണ്ടാകും.
ഇത്തവണത്തെ മഹാകുംഭമേളയിൽ 40 കോടിയോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് പറഞ്ഞു. കഴിഞ്ഞ മഹാകുംഭമേളകളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡായിരിക്കും ഇത്.
മേള നടക്കുന്ന വേദിയിൽ 200 സ്ഥലങ്ങളിലായി 744 താത്കാലിക സിസിടിവി ക്യാമറകൾ സജ്ജീകരിക്കും. നഗരത്തിന്റെ പല ഭാഗങ്ങളിൽ 268 ഇടങ്ങളിലായി ആകെ 1107 സ്ഥിരം ക്യാമറകളും പ്രവർത്തിക്കും. ഇതിന് പുറമെ നൂറിലധികം പാർക്കിങ് കേന്ദ്രങ്ങളിൽ 720 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും.
Discussion about this post