തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളിൽ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു പ്രതി. കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷർട്ടിടാത്തത് ചോദ്യം ചെയ്തതാണെന്ന് പ്രതി തൗഫീഖ് വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ തങ്കണമണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
തങ്കമണിയുടെ വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരെ അന്വേഷിച്ച് എത്തിയ സഹോദരിയാണ് മരിച്ച നിലയിൽ കിടക്കുന്നതായി കണ്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുകളും ധരിച്ചിരുന്ന വസ്ത്രത്തിൽ കീറലുകളുമുണ്ടായിരുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി തൗഫീഖിനെ പോലീസ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്.
തമ്പാനൂരിൽ നിന്നും മോഷ്ടിച്ച വാഹനത്തിലായിരുന്നു തൗഫീഖ് പോത്തൻകോടെത്തിയത്. തമ്പാനൂർ സ്റ്റേഷനിൽ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. പുലർച്ചെ തൗഫിഖ് ഷർട്ടിടാതെ നിൽക്കുന്നത് തങ്കമണി ചോദ്യം ചെയ്യിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ തൗഫീഖ് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തങ്കമണിയുടെ കമ്മൽ ഊരിയെടുത്ത ശേഷം ഇവർ ധരിച്ചിരുന്ന ലുങ്കി കൊണ്ട് ശരീരം മറച്ചാണ് തൗഫീഖ് സ്ഥലത്തുനിന്നും കടന്നു കളഞ്ഞത്.
Discussion about this post