ലക്നൗ: തന്നെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ മുഷ്താഖ് ഖാന്‍. ഡൽഹി – മീററ്റ് ഹൈവേയിൽ വെച്ച് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി വച്ചുവെന്നും പണം ചോദിച്ചുവെന്നും ആണ് നടന്റെ വെളിപ്പെടുത്തല്‍. സംഭവത്തിൽ ഉത്തർപ്രദേശിലെ ബിജ്നോർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നവംബർ 20നാണ് സംഭവം നടന്നതെന്ന് നടന്‍ പറയുന്നു. മീററ്റിൽ വെച്ച് നടക്കാനിരുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി വാഹനത്തിൽ യാത്ര ചെയ്യവെ ആയിരുന്നു സംഭവം. ഡൽഹി – മീററ്റ് ഹൈവേയിൽ വച്ച് തന്നെ കാറിൽ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും മുഷ്താഖ് ഖാന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇവന്റ് മാനേജറാണ് പരാതി നൽകിയത്.
രാഹുൽ സൈനി എന്നയാളാണ് അദ്ദേഹത്തെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചത്. മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങാണെന്നാണ് അറിയിച്ചത്. വിമാന ടിക്കറ്റും അഡ്വാൻസായി 50,000 രൂപയും നല്‍കിയിരുന്നു. ശേഷം ഈ പരിപാടിയിൽ പങ്കെടുക്കാനായി വാഹനത്തിൽ ഡൽഹി വിമാനത്താവളത്തിലെത്തിയെങ്കിലും വാഹനത്തിൽ ഇരിക്കാൻ പറഞ്ഞ ശേഷം പുറത്തിറക്കാതെ മീററ്റിലേക്ക് ഓടിച്ചുപോവുകയായിരുന്നു. പിന്നീട് 12 മണിക്കൂറോളം ബന്ധിയാക്കി. ഇതിനിടെ, പുലർച്ചെ ബാങ്ക് കേട്ടപ്പോൾ അടുത്ത് പള്ളിയുണ്ടെന്ന് മനസിലാക്കി അവിടേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്.
തടങ്കലിലാക്കി പീഡിപ്പിച്ച് ഒരു കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇതോടൊപ്പം, മുഷ്താഖ് ഖാന്റെയും മകന്റെയും അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപയും ഇവർ തട്ടിയെടുത്തു.
Discussion about this post