ടെക്‌നോളജിയുടെ വളർച്ച മനുഷ്യകുലത്തെ വളരെയധികം സഹായിക്കുന്നുണ്ടെന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ മനുഷ്യനെ അത് മടിയനാക്കുകയും രോഗിയാക്കുകയും ചെയ്യുന്നു. ഇതിൽ മുൻപന്തിയിലുള്ളത് സ്മാർട്ട്‌ഫോണുകളാണ്. ജീവിതത്തിൽ സ്മാർട്ട്‌ഫോണുകളുടെ അതിപ്രസരം പലയെും അടിമകളും രോഗികളുമാക്കി. സാധാരണയായി കുട്ടികളാണ് സ്മാർട്ട് ഫോണുകൾക്ക് അടിമയെന്നും ഇവർക്കിടയിലെ ഉപയോഗം കുറയ്ക്കണമെന്നുമാണ് പഠനങ്ങൾ ചർച്ച ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നും വിഭിന്നമായി ഒരു പഛനം നടത്തിയിരിക്കുകയാണ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ.
ഇന്ത്യയിൽ സ്മാർട്ഫോൺ ഉപയോഗത്തിന്റെ വിപരീത ഫലങ്ങളെ കുറിച്ച് മാതാപിതാക്കളേക്കാൾ കൂടുതൽ കുട്ടികൾക്കാണ് ധാരണയുള്ളത് എന്നാണ് സർവേ ഫലം പറയുന്നത്. മാതാപിതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കുട്ടികൾ സ്മാർട്ഫോൺ ഉപയോഗത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് കൂടുതൽ അവബോധമുള്ളവരാണ്. സർവേയുടെ ഭാഗമായ കുട്ടികളിൽ പത്തിൽ എട്ട് പേരും മാതാപിതാക്കളുടെ സ്മാർട്ഫോൺ ശീലങ്ങൾ നിയന്ത്രിക്കുന്നതിന് പാരന്റൽ കൺട്രോൾ വേണമെന്ന് വാദിക്കുന്നവരാണെന്നും ‘ഇംപാക്ട് ഓഫ് സ്മാർട്ഫോൺ ഓൺ പാരന്റ്-ചൈൽഡ് റിലേഷൻഷിപ്പ്’ എന്ന സർവേ റിപ്പോർട്ടിൽ പറയുന്നു.
മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ 1,543 സ്മാർട്ട്ഫോൺ ഉടമകൾക്കിടയിലായിരുന്നു സർവേ നടത്തിയത്.
സർവ്വേ പ്രകാരം, ഇന്ത്യയിലെ മാതാപിതാക്കൾ ദിവസവും ശരാശരി അഞ്ച് മണിക്കൂറാണ് സ്മാർട്ട്ഫോണിൽ ചെലവഴിക്കുന്നത്. എന്നാൽ കുട്ടികളാകട്ടെ വെറും നാല് മണിക്കൂർ മാത്രമാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്. 73% മാതാപിതാക്കളും 69% കുട്ടികളും സ്മാർട്ട്ഫോൺ ഉപയോഗമാണ് ജീവതത്തിൽ ഓരോ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം മൂന്നിൽ രണ്ട് ശതമാനം മാതാപിതാക്കളും കുടുംബത്തോടൊപ്പമുള്ള സമയങ്ങളിലും ആഘോഷങ്ങളിലുമെല്ലാം സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് വളരെ കൂടുതലാണ്. ഇത് പലപ്പോഴും അവരുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഇല്ലാതാക്കുന്നുണ്ട്.
സർവേയിൽ 77 ശതമാനം കുട്ടികളും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആയിരിക്കുമ്പോൾ ഫോണുകൾ ആവശ്യമില്ലെന്ന് പറഞ്ഞു. പലരും നല്ല ആത്മബന്ധങ്ങൾ വളർത്തിയെടുക്കാൻ സ്മാർട്ട്‌ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.പലരുടെയും ജീവിതത്തിൽ സ്മാർട്ട്‌ഫോണുകൾ എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറിക്കഴിഞ്ഞു. എന്നാൽ ഇത് തന്നെയാണ് പലരെയും ഒറ്റപ്പെടുത്തുന്നതെന്നും ചൈൽഡ് സൈക്കോളജിസ്റ്റും പാരന്റിംഗ് കൗൺസിലറുമായ റിദ്ധി ദോഷി പട്ടേൽ പറഞ്ഞു.
രക്ഷിതാക്കൾക്കായി ഒരു സ്മാർട്ഫോൺ രൂപകൽപന ചെയ്യാൻ അവസരം ലഭിച്ചാൽ അത് എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിന് ഗെയിമുകൾ, വിനോദം, സോഷ്യൽ മീഡിയ ആപ്പുകൾ എന്നിവയ്ക്ക് പകരം കോളിങ്, ക്യാമറ, മെസേജിങ് സൗകര്യങ്ങൾ തുടങ്ങിയവ മാത്രമുള്ള ഫോണുകൾ മതിയെന്നാണ് 94 ശതമാനം കുട്ടികളും മറുപടി നൽകിയത്
Discussion about this post