ചെന്നൈ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിനെ കൊന്ന് കടലിൽ തള്ളി. വിഴുപുരം കൂനമേൽ സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരെയും രണ്ടു കൗമാരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
പുതുച്ചേരിയിലെ റെസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന ശിവ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. ഇതറിഞ്ഞ 16 കാരിയുടെ സഹോദരൻ ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. തുടർന്ന് ഇവർ ശിവയോട് നേരിൽക്കണ്ട് കാര്യം അന്വേഷിച്ചെങ്കിലും തർക്കമായി. ഡിസംബർ ആറിന് മുഹമ്മദ് അമീസും അബ്ദുൾ സലാമും രണ്ട് കൗമാരക്കാരും ചേർന്ന് ശിവയെ കൂനമേട് ബീച്ചിൽ കൊണ്ടുപോയി കുത്തിക്കൊന്ന് കടലിൽ തള്ളുകയായിരുന്നു.
രണ്ടു ദിവസത്തിനുശേഷം ശിവയുടെ മൃതദേഹം പുതുക്കുപ്പത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശിവയുടെ ഭാര്യ കോട്ടക്കുപ്പം പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
Discussion about this post