എറണാകുളം: ശബരിമല ക്ഷേത്ര ദർശനത്തിനിടെ നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയതിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദിലീപിന് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. വിഷയം ഗൗരവതരാണെന്ന് പരാമർശിച്ച കോടതി ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും താക്കീത് നൽകി.
ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്താണ് ദിലീപും സഹോദരനും നടന്റെ മാനേജർ അപ്പുണ്ണിയും സന്നിധാനത്ത് ദർശനത്തിനായി എത്തിയത്. ഒരു ദിവസത്തെ ദർശനം അവസാനിക്കുന്ന സമയം ആണ് ഇത്. അതു കഴിഞ്ഞാൽ ഭക്തർ രാവിലെ വരെ കാത്തിരിക്കണം. ഇങ്ങനെ ഒരു സാഹചര്യത്തിൽ എന്തടിസ്ഥാനത്തിൽ ആണ് ദിലീപിന് വേണ്ടി ഒന്നാം നിര തടസ്സപ്പെടുത്തിയത്. എന്തിനാണ് മറ്റ് ഭക്തർക്ക് മാർഗ്ഗ തടസം ഉണ്ടാക്കിയത് എന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ നേരത്തെയും കോടതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു ദിലീപും സംഘവും ദർശനത്തിനായി ശബരിമലയിൽ എത്തിയത്. അദ്ദേഹത്തിന്റെ ദർശന വേളയിൽ 10 മിനിറ്റോളം നേരം ഭക്തരെ കടത്തിവിടാതിരിക്കുകയായിരുന്നു. ഇത് ഭക്തർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി സംഭവത്തിൽ ഇടപെട്ടത്.
അതേസമയം കോടതി ഇടപെടലിന് പിന്നാലെ ദിലീപിന് ദർശനത്തിന് അവസരം ഒരുക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡ് കർശന നടപടി സ്വീകരിച്ചു. നാല് ഉദ്യോഗസ്ഥർക്കെതിരെ ആയിരുന്നു നടപടി സ്വീകരിച്ചത്. സംഭവത്തിൽ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ.
Discussion about this post