കണ്ണൂർ; എസ്എഫ്‌ഐക്കാർ തന്നെ ക്രൂരമായി മർദ്ദിച്ചന്നെ് ആരോപിച്ച് കണ്ണൂർ തോട്ടട ഐടിഐയിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിൻ. നീ ചത്തില്ലേടാ എന്ന് ചോദിച്ച് മുപ്പതോളം പേർ ചേർന്ന് മുളവടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്നും അടിച്ചുവീഴ്ത്തി ബോധം പോകുംവരെ തലയിൽ ആഞ്ഞ് ചവിട്ടിയെന്നും മുഹമ്മദ് റിബിൻ ആരോപിച്ചു.നട്ടെല്ലിനുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിബിൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മുപ്പത്തിനാലുവർഷങ്ങൾക്കുശേഷം തോട്ടട ഐടിഐയിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ചൊവ്വാഴ്ച കെഎസ്യുസ്ഥാപിച്ച കൊടിമരം പിഴുതതിനെ തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായിരുന്നു. ആ പ്രശ്നത്തിൽ കെഎസ്യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് നാമനിർദേശം നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്ത് നിന്നുള്ള കെഎസ്യു പ്രവർത്തകരുമെത്തി. ഇവരുടെ നേതൃത്വത്തിൽ കൊടിമരം വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമായത്.
കൊടിമരം എസ്എഫ്‌ഐ പ്രവർത്തകർ മാറ്റിയതോടെ ഏറ്റുമുട്ടുകയായിരുന്നു.സംഘർഷത്തിൽ 17 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും 5 കെഎസ്യു പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.
Discussion about this post