പ്രമുഖ സംവിധായകന് രാജേഷ് പിള്ള അന്തരിച്ചു. കൊച്ചിയിലെസ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെയും കരള്‍ സംബന്ധമായ അസുഖം അലട്ടിയിരുന്നു.നാല്പ്ത്തൊന്ന് വയസ്സായിരുന്നു.
നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് എന്നതായിരുന്നു അസുഖം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി വ്യാഴാഴ്ച കൊച്ചി പിവിഎസ് ആശുപത്രിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് ജീവന് രക്ഷിക്കാനാകാത്തവിധം മോശമായിരുന്നു രാജേഷ് പിള്ളയുടെ ആരോഗ്യാവസ്ഥ.
സിനിമയുടെ ചിത്രീകരണത്തിനായി പലപ്പോഴും ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം എത്തിയിരുന്നത്. സിനിമയുടെ ഫൈനല്‍ മിക്സിങ് നടക്കുന്നതിനിടെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ നില വഷളാകുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കാതിരുന്നതാണ് മരണകാരണമായത്.
രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് സിനിമ ലോകത്തെ ഞെട്ടിച്ച് മരണവാര്‍ത്ത പുറത്ത് വന്നത്.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്.
2005ലായിരുന്നു ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രവുമായി രാജേഷ് പിള്ള സിനിമ ലോകത്തെത്തിയത്. പിന്നീട് ആറ് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു അടുത്ത ചിത്രത്തിനായി. 2011ലാണ് മലയാളത്തില്‍ ന്യു ജനറേഷന് തരംഗത്തിന് തുടക്കം കുറിച്ച ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും സജീവമായത്.. മലയാള സിനിമയില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മിലിയും മികച്ച ചിത്രമായി അടയാളപ്പെട്ടു. ഇന്നലെ ഇറങ്ങിയ വേട്ടയും നല്ല ചിത്രമാണെന്നാണ് തിയറ്ററുകളില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍. വേട്ടയുടെ വിജയവാര്‍ത്ത പുറത്ത് വരുമ്പോള്‍ അദ്ദേഹം വെന്റിലേറ്ററില്‍ മരണവുമായി മുഖാമുഖം കിടക്കുകയായിരുന്നു.
Discussion about this post