പാമ്പുകളെ കാണുമ്പോൾ മദമിളകിയ ആനയെപ്പോലെ പെരുമാറുന്ന ഒരു ചെറുജീവിയുണ്ട് ജന്തു ലോകത്തിൽ. സംശയം വേണ്ട അത് നമ്മുടെ കീരി തന്നെ. എന്താണെന്നറിയില്ല പാമ്പിനെ കാണൽ ചതുർത്ഥിയാണ് നമ്മുടെ കീരിയാശാന്. പാമ്പുകളുമായി ഒരു ഏറ്റുമുട്ടലുണ്ടായാൽ ചത്താലും വിടില്ലെടാ എന്ന ലൈനാണ് ഇവരുടെ പ്രധാന സ്വഭാവം. ചാകേണ്ട സാഹചര്യം പൊതുവെ ഉണ്ടാകാറില്ല. കൊല്ലാറാണ് പതിവ്.
കടുവയും സിംഹവും തമ്മിൽ യുദ്ധമുണ്ടായാൽ ആരു ജയിക്കും എന്നത് എന്നും തർക്കമുള്ള ഒരു വിഷയമാണ്. അതുപോലെ തന്നെയാണ് പാമ്പുകളിലെ രാജാവും കീരിയും തമ്മിൽ യുദ്ധമുണ്ടാൽ ആരു ജയിക്കും എന്ന ചോദ്യവും. ആരാധകർ പറയുന്നത് മറ്റുള്ള പാമ്പുകളോട് മുട്ടുന്നത് പോലെയല്ല രാജാധി രാജനോട് മുട്ടുന്നതെന്നാണ്. അതിപ്പോൾ സ്നേക്ക് കില്ലർ ആയ കീരിയാണെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ല എന്നൊക്കെയാണ് ആരാധകർ അഭിമാനിക്കുന്നത്. എന്നാൽ ഇതിനെ ശക്തമായി എതിർക്കുകയാണ് കീരിയുടെ ഭാഗത്തുള്ളവർ. പാമ്പ് അതിനി ഏതായാലും കീരിക്ക് മുന്നിൽ ഒന്നുമല്ലെന്ന് അവർ പറയുന്നു. ഇതിൽ ഒരു നിഗമനത്തിലെത്തണമെങ്കിൽ ഇരുവരുടേയും സവിശേഷതകൾ ഒന്ന് പഠിക്കേണ്ടി വരും.
പാമ്പ് ലോകത്തിലെ രാജാധി രാജനാണ് കിംഗ് കോബ്ര. 12 മുതൽ 19 അടി വരെ നീളവും ഏഴുകിലോയോളം ഭാരവും ഉണ്ടാകും പൂർണവളർച്ചയെത്തിയ ഒരു രാജവെമ്പാലക്ക്. ഒറ്റക്കടിയിൽ 11 മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള വിഷമാണ് കുത്തിവെക്കുന്നത്. അതായത് ആയിരം മില്ലിഗ്രാം വിഷം വരെ ഒറ്റക്കടിയിൽ ചെലുത്താൻ കഴിയുമെന്നാണ് കണ്ടെത്തൽ.
ആരാണ് പാമ്പുലോകത്തിലെ ഭീകരൻ ? രാജാവോ അതോ ഡാൻഡാറബില്ലയോ ? ഫാൻസ് പ്ലീസ് ക്ഷമിച്ചേക്കൂ….
ശരീരത്തിന്റെ നല്ലൊരു ഭാഗം ഉയർത്തി ആക്രമണത്തിന് തയ്യാറെടുക്കുന്ന കിംഗ് കോബ്രക്ക് എതിരാളിയുടെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ കടിയേൽപ്പിക്കാൻ കഴിയും. താരതമ്യേന മറ്റ് പാമ്പുകളേക്കാൾ വേഗത്തിൽ ആക്രമിക്കാൻ കഴിയുന്ന ഒരു പോരാളിയുമാണ്. മണം മനസ്സിലാക്കി പ്രവർത്തിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതായത് മറ്റ് പാമ്പുകളെ നിസ്സാരമായി തീർക്കുന്ന കീരിയെ ഒന്ന് വിറപ്പിക്കാനുള്ള ആയുധങ്ങളൊക്കെ കിംഗ് കോബ്രയുടെ കയ്യിലുണ്ടെന്ന് സാരം.
അതേസമയം കീരിയുടെ സവിശേഷതകൾ പരിശോധിച്ചാൽ വലിപ്പത്തിൽ ആൾ കിംഗ് കോബ്രയേക്കാൾ കുഞ്ഞനാണ്. കൂടിപ്പോയാൽ രണ്ടരയടി നീളം. അങ്ങേയറ്റം പോയാൽ അഞ്ച് കിലോയൊക്കെയുണ്ടാകും ഭാരം. പരമാവധി ആറു കിലോവരെയെത്താം. രാജവെമ്പാലയ്ക്കുള്ളത് പോലെ വിഷമൊന്നും കീരിക്കില്ല. പക്ഷേ ചെറുപ്പം മുതൽ തന്നെ പാമ്പുകളോട് യുദ്ധം ചെയ്യാനുള്ള പരിശീലനം നേടിയിട്ടുണ്ട് കീരി. അതുകൊണ്ട് തന്നെ ചാടിയൊഴിഞ്ഞ് ഓതിരം കടകം മറിഞ്ഞ് ആക്രമിക്കും. അത്രയും ശാരീരിക ക്ഷമതയോ അഭ്യാസമോ രാജവെമ്പാലക്കില്ല. അതുപോലെ തന്നെയാണ് ശത്രുവിനെ കണ്ടെത്താനുള്ള കഴിവ്. മണം പിടിക്കാനും ചലനങ്ങൾ മനസ്സിലാക്കാനും കീരിക്ക് എളുപ്പം കഴിയും.
കീരിയുടെ അതിശക്തമായ ഉളിപ്പല്ലുകളാണ് പ്രധാന ആയുധം. അസ്ഥികൾ പോലും മുറിക്കാൻ കഴിയുന്ന ശക്തിയാണതിന് . കടി കിട്ടിയാൽ പാമ്പ് കഴിഞ്ഞു. പിന്നെ കടിക്കാൻ പോയിട്ട് വിഷം തുപ്പാൻ പോലും പറ്റില്ല. അതാണ് കീരിയുടെ കടിയുടെ ശക്തി. അവിടെ രാജനോ രാജാധിരാജനോ വലിയ കാര്യമല്ല. കടി കിട്ടിയാലും അത്യാവശ്യം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് കീരിയുടെ ശരീരത്തിന്. വെട്ടിയൊഴിഞ്ഞ് മാറാൻ കഴിവുള്ളത് കൊണ്ട് അത്ര എളുപ്പം കടിയേൽക്കുകയുമില്ല.
ചുരുക്കം പറഞ്ഞാൽ ശാരീരികമായ പ്രത്യേകതകളും വേഗതയും പല്ലിന്റെ ശക്തിയുമെല്ലാം പരിഗണിച്ചാൽ കൂട്ടത്തിൽ കുഞ്ഞനായ കീരിയാണ് യുദ്ധം ജയിക്കുക. രാജവെമ്പാല മുട്ടി നിൽക്കില്ല എന്നാണ് പഠനങ്ങളും നിഗമനങ്ങളും തെളിയിക്കുന്നത്. രാജവെമ്പാലയെ കൊല്ലാൻ കീരിക്ക് കഴിയില്ല എന്നൊക്കെ രാജന്റെ ആരാധകർ പറയുന്നത് വെറുതെയാണെന്ന് സമ്മതിക്കേണ്ടി വരും. അതായത് കീരനാണ് താരം. രാജൻ അവന്റെ മുന്നിൽ വെറും കുട്ടിയാണ്.
Discussion about this post