അയ്യോ എന്ന് ചേർക്കാതെ നമുക്ക് ഓർക്കാൻ കൂടി സാധിക്കാത്ത ജീവികളാണ് പാമ്പുകൾ. ദൂരെ ഒരു ചില്ലുകൂട്ടിൽ ആണ് അവയെങ്കിൽ പോലും പാമ്പെന്ന് കേൾക്കുമ്പോഴെ ഒരു ഉൾക്കിടിലമാണ്. വഴുവഴുത്ത ശരീരവും ഇടയ്ക്കിടെ പുറത്തേക്കിടുന്ന ഇഴപിരിഞ്ഞ നാക്കും വിഷവും എല്ലാം പാമ്പുകളെ ഉരഗവർഗത്തിലെ ഭീകരാനക്കുന്നു. കൊത്തിയാൽ ചുവരിൽ പടമായി ഇരിക്കാം എന്നത് തന്നെയാണ് പാമ്പുകളെ നാം ഇത്രയേറെ ഭയപ്പെടാൻ കാരണം. അപ്പോൾ പിന്നെ ഈ ഭീകരന്മാരുടെ രാജാവാര്? എന്തൊരു ചോദ്യം അല്ലേ… കിംഗ് കോബ്ര. പേരിൽ തന്നെയില്ലേ രാജാവിന്റെ തലയെടുപ്പ്.. സത്യത്തിൽ കിംഗ് കോബ്ര എന്ന നമ്മുടെ രാജവെമ്പാല തന്നെയാണോ പദവിയ്ക്ക് അർഹൻ? ഭീമൻ ആനയെ പോലും കൊന്നുതള്ളാൻ തക്ക ശക്തിയുള്ള രാജവെമ്പാലയെ വെല്ലുവിളിക്കാൻ മാത്രം കഴിവുകളുള്ള വേറെയും പാമ്പുണ്ട്.
പാമ്പുകളുടെ ആരാധകർ രാജവെമ്പാലയ്ക്ക് ഒരു എതിരാളിയായി എപ്പോഴും പറയുന്ന പേരാണ് ഇൻലാൻഡ് തായ്പാൻ. ഓസ്‌ട്രേലിയക്കാരനാണ്. കിംഗ് കോബ്രയെക്കാളും മൂർഖനേക്കാളുമൊക്കെ വിഷവീര്യമുള്ള കിടിലൻ പാമ്പ്.ഇൻലാൻഡ് തായ്പാന്റെ ഒറ്റക്കടിയിലൂടെ പുറത്തുവരുന്ന വിഷത്തിന് ഏകദേശം നൂറ് പേരുടെ ജീവനെടുക്കാൻ സാധിക്കുമത്രെ.! മനുഷ്യന്റെ കാര്യം ഇങ്ങനെയെങ്കിൽ മറ്റ് ജീവികളുടെ കാര്യം ആലോചിച്ച് നോക്കൂ. 250,000ത്തോളം എലികളെ ഇത്രയും മാത്രം വിഷത്തിന് കൊല്ലാനാകും. ഒറ്റയടിക്ക് തന്നെ 110 മില്ലിഗ്രാം വിഷമാണ് പുറത്തുവരുന്നത്. ഉടനെ ചികിത്സ കിട്ടിയില്ലെങ്കിൽ 30-45 മിനിറ്റുകൾക്കുള്ളിൽ തന്നെ രോഗി മരിക്കും. പക്ഷാഘാതത്തിന് മുതൽ പേശിതളർച്ചയ്ക്ക് വരെ ഇവന്റെ വിഷം കാരണമാവും. മനുഷ്യന്റെ ഹൃദയത്തിനാണ് ഇവന്റെ കടി ആദ്യം പണി കൊടുക്കുന്നത്. രക്തം കട്ടപ്പിടിച്ച് ഇഞ്ചിഞ്ചായാണ് മരണം സംഭവിക്കുക.
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും നീളമേറിയ പാമ്പാണ് രാജവെമ്പാല. എന്നാൽ നമ്മുടെ നാട്ടിൽ പാമ്പുകളിൽ ഏറ്റവും കൂടുതൽ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടൻ ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ മരണം സംഭവിക്കാൻ സാധ്യതയുള്ള കരയിൽ കാണുന്ന പാമ്പ് വെള്ളിക്കെട്ടൻ ആണ്. എന്നാൽ ഒരു കടിയിൽ ഏറ്റവും കൂടുതൽ വിഷം കുത്തിവയ്ക്കാൻ കഴിവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഏകദേശം 400-600 ങഴ വിഷമാണ് കുത്തിവയ്ക്കുന്നത് ഇന്ത്യയിലെയും തെക്കൻ നേപ്പാളിലെയും തെറായ് മുതൽ ഭൂട്ടാൻ, വടക്കുകിഴക്കൻ ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തെക്കൻ ചൈന, കംബോഡിയ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ്‌നാം, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടെയെല്ലാം രാജവെമ്പാലയെ കാണാം
ഓസ്ട്രേലിയയാണ് ഇൻലാൻഡ് തായ്പാന്റെ സ്വദേശം. അവിടുത്തെ ഗ്രോത്ര വർഗങ്ങൾക്കിടയിൽ ഡാൻഡാറബില്ല എന്ന ഓമനപ്പേരും ഇവനുണ്ട്.ഓക്സിയുറാനസ് മൈക്രോലെപ്പിഡോട്ടസ് എന്ന് ശാസ്ത്രീയനാമം. ഭീകരനാണെങ്കിലും ഇൻലാൻഡ് തായ്പാനുകൾ പൊതുവെ നാണം കുണുങ്ങികളായ പാമ്പുകളെന്നാണ് ഇവ അറിയപ്പെടുന്നത്. ആരുടെയും ശല്യമില്ലാതെ മനുഷ്യവാസമില്ലാത്ത വിജനമായ പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന സ്വഭാവം കൊണ്ടാണീ വിശേഷണം ലഭിച്ചത്. മാത്രമല്ല പ്രകോപനങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുമാറാൻ ഇക്കൂട്ടർ ശ്രമിക്കുന്നു.
ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വിജനമായ പ്രദേശമായ കൂബർ പെഡിയിലാണ് ഇവയെ കൂടുതലും കാണാൻ കഴിയുക. വിണ്ടു കീറിയ മൺകട്ടകൾക്കടിയിലാണ് വാസം. പകൽ സമയങ്ങളിൽ പ്രദേശത്ത് 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുന്നതിനാൽ ഇൻലൻഡ് തായ്പാനുകളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയാറില്ല. തണുപ്പും ഈർപ്പവും തേടി മൺകട്ടകൾക്കടിയിലാണ് ഇവ കഴിയുക. മണ്ണിനടിയിൽ കഴിയുന്ന എലികളും മറ്റു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. ശരീരഘടന കൊണ്ട് ഇവയെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. മിനുസമാർന്ന മെലിഞ്ഞ ശരീരമാണ് ഇവയുടേത്. ശരീരത്തേക്കാൾ ഇരുണ്ടതാണിവയുടെ തല..ഇളം തവിട്ട് മുതൽ ഒലിവ്-തവിട്ട് അല്ലെങ്കിൽ കറുപ്പ് വരെ നിറത്തിലായിരിക്കും ഇവ കാണപ്പെടുന്നത്. എങ്കിലും കാലാനുസൃതമായ ചില നിറവ്യത്യാസങ്ങൾ ഉണ്ടാകാം, ശൈത്യകാലത്ത് പല പാമ്പുകളും ഇരുണ്ടതായി മാറുന്നു. കാലവസ്ഥയെ പ്രതിരോധിക്കാനായി പ്രകൃതി അവന് നൽകിയ കഴിവാണിത്.
സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം, പലപ്പോഴും മറ്റു ഉരഗങ്ങളെയും കശേരുകികളെയും കരണ്ടുതീനികളെയും ഭക്ഷിക്കാറുണ്ട്. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്.നജാ കുടുംബത്തിൽ പെടുന്ന പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി മറ്റുസാമ്യങ്ങൾ രാജവെമ്പാലയ്ക്കില്ല.
ശരാശരി 1.8 മീറ്റർ മുതൽ 2.5 മീറ്റർ വരെ നീളംവയ്ക്കുന്നവയാണ് ഇൻലാൻഡ് തായ്പാൻ. വിഷപ്പല്ലിന് 3.5 മില്ലീമീറ്റർ മുതൽ 6.2 മില്ലീമീറ്റർ വരെ നീളമുണ്ട്. പുതുതലമുറയ്ക്കായി പ്രത്യേകം മാളങ്ങൾ ഉണ്ടാക്കുന്ന ശീലമൊന്നും ഇവയ്ക്കില്ല. ചെറുമൃഗങ്ങളുടെ മാളങ്ങൾ അനധികൃതമായി കയ്യേറുന്ന ഇവന്റെ താമസവും മുട്ടയിടലും അവിടെ തന്നെ. ഒന്നോ രണ്ടോ ഡസൻ മുട്ടകളാണ് ഒറ്റത്തവണ ഇടുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ മുട്ടകൾ വിരിയുന്നു. ഭക്ഷണം ലഭിക്കുന്നതിന് അനുസരിച്ചാണ് പ്രജനനം പോലും. 10 വർഷം മുതൽ 15 വർഷം വരെയാണ് ആയുസ്.
പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 19 അടിയോളം (എകദേശം 5.79. മീറ്റർ) നീളം വന്നേക്കും, സാധാരണയായി പ്രായപൂർത്തിയായ രാജവെമ്പാലയ്ക്ക് ശരാശരി 13 അടിയോളം നീളവും 6 കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു.ശരീരത്തിൽ തുടങ്ങി തലയിൽ ഒത്തുചേരുന്ന കറുപ്പും വെളുപ്പും നിറമുള്ള ബാൻഡുകളുള്ള ഒലിവ് പച്ചയാണ് കിംഗ് കോബ്രയുടെ തൊലി. 15 ഡ്രാബ് നിറമുള്ളതും കറുത്ത അറ്റങ്ങളുള്ളതുമായ കവചങ്ങളാൽ തല മൂടപ്പെട്ടിരിക്കുന്നു. മൂക്ക് വൃത്താകൃതിയിലാണ്, നാവ് കറുത്തതാണ്. മുകളിലെ താടിയെല്ലിൽ രണ്ട് ഫാങ്ങുകളും 35 മാക്‌സില്ലർ പല്ലുകളും താഴത്തെ താടിയെല്ലിൽ രണ്ട് വരികളുള്ള പല്ലുകളുമുണ്ട്.
Discussion about this post