പത്തനംതിട്ട: ശബരിമല സന്നിധാനത്ത് റുബിക്‌സ് ക്യൂബുകൾ കൊണ്ട് അയ്യപ്പ രൂപം തീർത്ത് കന്നി സ്വാമിമാരായ കൊച്ചു മിടുക്കന്മാർ. ആമ്പല്ലൂരിൽ നിന്നെത്തിയ അഭിനവ് കൃഷ്ണ, അദ്വൈത് കൃഷ്ണ എന്നീ സഹോദരങ്ങളാണ് അയ്യപ്പരൂപം തീർത്തത്.അയ്യപ്പന് കാണിക്കയുമായി എത്തിയതാണ് കന്നി സ്വാമിമാർ. 504 റുബിക്‌സ് ക്യൂബുകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിലാണ് കൊച്ചുമിടുക്കന്മാർ അയ്യപ്പ രൂപം തീർത്തത്. ചേട്ടനും അനിയനും വീട്ടിൽ തല്ലു കൂടുന്നത് അവസാനിപ്പിക്കാൻ അമ്മ പഠിപ്പിച്ചതാണത്രേ ഈ വിദ്യ.
അയ്യപ്പൻറെ രൂപം ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതെന്ന് അഭിനവ് പറയുന്നു. ഗാന്ധിജി, എപിജെ അബ്ദുൾകലാം, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ രൂപം ഇതിന് മുൻപ് ഉണ്ടാക്കിയിട്ടുണ്ടെന്ന് അഭിനവ് പറഞ്ഞു. അവർ തൻറെ രൂപം നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. അവർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഭഗവാൻറെ രൂപമുണ്ടാക്കാമോ എന്ന് ചോദിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. അവരതൊക്കെ നിസ്സാരമായിട്ടാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല. ഉടൻ പുറത്തിറങ്ങുന്ന അയ്യപ്പ ഭക്തിഗാന ആൽബത്തിലും കന്നിസ്വാമിമാരായ ഈ കൊച്ചുമിടുക്കൻമാർ അഭിനയിക്കുന്നുണ്ട്.
Discussion about this post